തിരുവനന്തപുരം : വായു ചുഴലിക്കാറ്റ് ഗുജറാത്തിൽ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച പുലര്‍ച്ചയോടെ തീരം തൊടുന്ന വായു ചുഴലിക്കാറ്റ് പോര്‍ബന്തര്‍, ബഹുവ-ദിയു, വേരാവല്‍ എന്നീ തീരപ്രദേശങ്ങളില്‍ നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ വരെ ചുഴലിക്കാറ്റി ശക്തി പ്രാപിച്ച് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഗോവന്‍ തീരത്ത് നിന്നും 120 കിലോമീറ്ററോളം വേഗത്തിലാണ് വായു വടക്കോട്ട് സഞ്ചരിക്കുന്നത്. അറബിക്കടലിലേക്ക് വായു ഉള്‍വലിഞ്ഞിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴത്തേത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കര നാവിക സേനകളും, തീര സംരക്ഷണ സേനയും ഗുജറാത്ത് തീരത്ത് സജ്ജമാണ്.
അതേസമയം സംസ്ഥാനത്തെ 9 ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന യെല്ലോ അലേര്‍ട്ട് തുടരും. സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ 12 സെന്റീ മീറ്റര്‍ മഴ വരെ പെയ്യാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 12 സെന്റീ മീറ്ററിന് മുകളില്‍ മഴ ലഭിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ കടലാക്രമണം രൂക്ഷമാണ്.
Post Your Comments