തൃശൂര്‍ : ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായിരിയ്‌ക്കെ ചില കാര്യങ്ങളില്‍ പൊലീസിന് വ്യക്തത ലഭിച്ചു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ പൂജ ബുക്ക് ചെയ്തത് ആരെന്നതിനെ കുറിച്ചും ആ ദിവസത്തെ രാത്രി യാത്രയെ കുറിച്ചും ക്രൈംബ്രാഞ്ചിന് വ്യക്തമായ തെളിവ് ലഭിച്ചു. ഇതോടെ ബാലഭാസ്‌കറും കുടുംബവും തൃശൂരില്‍ മുറിയെടുത്തിട്ടും രാത്രി തങ്ങാതെ തിരിച്ചുവന്നത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയാകുന്നു. രാത്രിയാത്ര ആരുടെയെങ്കിലും പ്രേരണയില്‍ പെട്ടെന്ന് തീരുമാനിച്ചതല്ലെന്നാണ് ഇപ്പോള്‍ പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.. ഹോട്ടലില്‍ മുറി ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കില്ലെന്ന് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തത് ബാലഭാസ്‌കര്‍ തന്നെയാണെന്നും കണ്ടെത്തി.
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ പൂജയ്ക്കുശേഷം മടങ്ങുംവഴിയാണു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. തൃശൂരിലേക്ക് പോകുമ്പോള്‍ തന്നെ താമസിക്കാനുള്ള ഹോട്ടല്‍ ബാലഭാസ്‌കര്‍ ബുക്ക് ചെയ്തിരുന്നു. പകല്‍ മാത്രമേ റൂമിലുണ്ടാവുവെന്നും രാത്രി തിരികെ പോകുമെന്നും ബുക്ക് ചെയ്തപ്പോള്‍ തന്നെ പറഞ്ഞതായി ഹോട്ടലിലുള്ളവര്‍ മൊഴി നല്‍കി. അതിനാല്‍ ഒരു ദിവസത്തെ വാടകയില്‍ ഇളവ് ചെയ്താണ് ബില്ലടച്ചതെന്നും കണ്ടെത്തി. അതുകൊണ്ട് തന്നെ തൃശൂരില്‍ താമസിക്കാനുള്ള തീരുമാനം ഒഴിവാക്കി രാത്രിയാത്ര പെട്ടെന്ന തീരുമാനിച്ചതാണെന്ന സംശയം നിലനില്‍ക്കില്ല.
അതോടൊപ്പം പാലക്കാട് പൂന്തോട്ടം കുടുംബത്തിന് വേണ്ടി നടത്തിയ പൂജയിലാണ് ഇവര്‍ പങ്കെടുത്തതെന്നും സംശയമുണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ പേരില്‍ ബാലഭാസ്‌കര്‍ ബുക്ക് ചെയ്തതായിരുന്നു പൂജ. മൂന്ന് ദിവസത്തെ പൂജയാണങ്കിലും അവസാനദിവസം മാത്രമാണ് ബാലഭാസ്‌കറും കുടുംബവും പങ്കെടുത്തത്. പൂന്തോട്ടം ആയുര്‍വേദാശ്രമത്തിലെ ഡോക്ടറും ഭാര്യയും കൂടെയുണ്ടായിരുന്നു. യാത്ര സംബന്ധിച്ച ദുരൂഹതകള്‍ നീക്കുന്നതിന്റെ ഭാഗമായിട്ടാണു ഡിവൈഎസ്പി കെ.ഹരികൃഷ്ണന്റെ നേതൃത്തിലുള്ള തെളിവെടുപ്പിലെ നിര്‍ണായക കണ്ടെത്തലുകള്‍.
Post Your Comments