തിരുവനന്തപുരം: അമ്മയുടെ രണ്ടാം വിവാഹം അറിയിച്ചുകൊണ്ട് മകൻ എഴുതിയ കുറിപ്പ് വൈറലാകുന്നു.
രണ്ടാം വിവാഹത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്നവരാണ് സമൂഹത്തിൽ ഏറെയും. മുതിർന്ന മക്കൾ കൂടി ഉള്ളവരാണ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയതെങ്കിൽ വിമർശനത്തിന് അൽപ്പം മൂർച്ച കൂടും. അവിടെയാണ് ഗോകുല്‍ ശ്രീധറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യത്യസ്തമാകുന്നത്. ‘ഇന്ന് അമ്മയുടെ വിവാഹമായിരുന്നു. രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്. അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല’ എന്നാണ് എസ്എഫ്ഐ കൊട്ടിയം ഏരിയാ സെക്രട്ടറി കൂടിയായ ഗോകുല്‍ എഴുതിയിരിക്കുന്നത്.
നേരത്തത്തെ ദാമ്പത്യത്തില്‍ അമ്മ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അടികൊണ്ട് നെറ്റിയില്‍ നിന്നും ചോരയൊലിക്കുമ്പോള്‍ എന്തിനാണ് ഇങ്ങനെ സഹിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. തനിക്ക് വേണ്ടിയാണ് എന്നാണ് അമ്മ പറഞ്ഞതെന്നും ഗോകുല്‍ ഓര്‍ക്കുന്നു. അന്ന് അമ്മയുടെ കയ്യും പിടിച്ചിറങ്ങുമ്പോള് തീരുമാനിച്ചതാണ് ഇങ്ങനെയൊരു നിമിഷമെന്നും ഗോകുല്‍ എഴുതുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്:
അമ്മയുടെ വിവാഹമായിരുന്നു. ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്. അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല.
ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്? അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്.
അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്… യൗവ്വനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്… കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി.
അമ്മ? Happy Married Life.
Post Your Comments