മലയാളസിനിമാഗാനശാഖയില്‍ മാസ്മരികസംഗീതത്തിന്റെ മകരന്ദമണയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മനസിന്റെ ചില്ലയില്‍ മധുവൂറുന്നൊരു അഞ്ചിതള്‍പൂവ് മന്ദം വിടരാനിനി നാഴികയും കുറവ്..ഗാനാസ്വാദകര്‍ ഇതുവരെ കേള്‍ക്കാത്ത തേനിമ്പങ്ങളും ഇതുവരെ കാണാത്ത വര്‍ണ്ണശബളിമയും ഒന്നിച്ചുകോര്‍ത്ത ഈ ഗാനോപഹാരം ആസ്വാദനത്തിന്റെയും ആഹ്ലാദത്തിന്റെയും വാതില്‍ തുറന്നിങ്ങുവരികയായി..
പ്രണയവും വിരഹവും പരിഭവവും മഴവില്ലഴകുചാര്‍ത്തിയ ‘പരിഭവം നമുക്കിനി..’, ആവേശത്തിന്റെ ചടുലതാളങ്ങള്‍ സന്നിവേശിപ്പിച്ച ‘സുരാംഗന..’,
ജീവിതപ്പാച്ചിലുകളുടെ നിസ്സഹായതകളെ ശുദ്ധനര്‍മ്മത്തില്‍ ചാലിച്ച ‘നരനായി ജനിച്ചതുമൂലം..’ വസന്തകുഞ്ജങ്ങളുടെ സമൃദ്ധിയിലൊരു മധുരനാരങ്ങാമിഠായിപോലെ നാവലിയിച്ച് ‘പൂവു ചോദിച്ചു ഞാന്‍..’ ഭാവഗായകമധുരിമയുടെ സകലഭാവവും എടുത്തണിഞ്ഞ ‘അവള്‍ എന്റെ കണ്ണായിമാറേണ്ടവള്‍..’
രുചിക്കൂട്ടുകളെല്ലാം തികഞ്ഞ ഈ ഗാനപഞ്ചാമൃതം ഡോ. കെ ജെ യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി ജയചന്ദ്രന്‍ എം ജി ശ്രീകുമാര്‍, ശ്രേയ ഘോഷാല്‍ എന്നീ നാദവിസ്മയങ്ങളിലൂടെ നമ്മിലേയ്‌ക്കെത്തുകയായി.. കേട്ടുമടുത്തുപോകുന്ന ശബ്ദകോലാഹലപ്പാട്ടുകള്‍ക്കുമുന്നില്‍ സ്വച്ഛമായൊഴുകുന്നൊരു അരുവിപോലെ, ഈ ആനന്ദഗാനധാര സിനിമാസംഗീതാസ്വാദകരെ പൂര്‍ണ്ണസംതൃപ്തിയുടെ പൂര്‍വ്വകാലങ്ങളിലേയ്ക്ക് കൈപിടിച്ചുകൊണ്ടുപോകുമെന്ന് ഗ്യാരണ്ടി.
മറ്റന്നാളത്തെ സായന്തനവാനിലുദിക്കുന്നത് പാട്ടിന്റെ പാലാഴി തീര്‍ത്തൊരു അമ്പിളിച്ചന്തമാണ്…ആകാംക്ഷകളും പ്രതീക്ഷകളും ബാക്കിവച്ച് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ ഇനിയുമെന്തൊക്കെ വിസ്മയങ്ങളാണു നമുക്കു നല്‍കുകയെന്ന് കാത്തിരിക്കാം..
Post Your Comments