Latest NewsArticleKerala

ലിംഗസമത്വവും വനിതാമതിലും മറന്നു പോയോ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ; അതില്ലാതെ പൂര്‍ണമാകുമോ പിണറായിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

ശരിയാണ് , അഴിമതി ആരോപണങ്ങള്‍ നിറഞ്ഞുനിന്ന അഞ്ചു വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അറുതി വരുത്തിയാണ് കേരള ജനത ഇടതു സര്ക്കാരിന് അധികാരം കൈമാറിയത്. വി എസ് അച്യുതാനന്ദനെ മുന് നിര്ത്തിയുള്ള പ്രചാരണത്തിനൊപ്പം ഇടതുപക്ഷത്തെ അണികളും ഭരണമാറ്റത്തിനായി അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം സംഘാടന മികവുകാട്ടിയ പിണറായി ഒരു വശത്തും ജനകീയനേതാവ് വി എസ് മറുവശത്തും ആഞ്ഞടിച്ചപ്പോള്‍ കേരളം വലതിനെ ഉപേക്ഷിച്ച് ഇടതിനൊപ്പം ചേര്‍ന്നു. 91 സീറ്റീന്റെ വമ്പുമായെത്തിയ ഇടതുപക്ഷത്തെ നയിക്കാന് വിഎസിനെ തഴഞ്ഞ് പിണറായി എത്തിയപ്പോള്‍ ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങള്‍ ഉയരാതിരുന്നില്ല. 17 വര്ഷത്തെ സംഘടനാ ജീവിത്തില് നിന്ന് പാര്‌ലിമെന്ററി രംഗത്തേക്ക് ചുവടുമാറ്റിയപ്പോള് തന്നെ മുഖ്യമന്ത്രി കസേരയില് പിണറായിക്കായിരുന്നു പാര്‍ട്ടി കൂടുതല് സാധ്യത കല്‍പ്പിച്ചത്. അങ്ങനെ പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ നാലാംവര്‍ഷത്തിലേക്ക് കടക്കുകയാണ്.

അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാന്‍ പോകുന്ന കാര്യങ്ങള്‍ വ്ഗാദാനം ചെയ്ത പ്രകടനപത്രികയെ അടിസ്ഥാനമാക്കിയാണ് ഇടത് സര്‍ക്കാര്‍ മൂന്ന് വര്‍ഷമായി ഭരിക്കുന്നതെന്നാണ് അവകാശവാദം. വാഗ്ദാനം ചെയ്ത ഓരോ പദ്ധതി എത്രത്തോളം പ്രാവര്‍ത്തികമാക്കിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായാണ് ഈ പ്രോഗ്രസ് റിപ്പോര്‍ട്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അധികാരത്തിലെത്തി മൂന്ന് വര്‍ഷം പിന്നിടുന്ന ഏതൊരു സര്‍ക്കാരിനും അവകാശപ്പെടാനാകുന്ന ചില ഭരണനേട്ടങ്ങള്‍ക്കപ്പുറം ജനമനസില്‍ എന്നും തങ്ങിനില്‍ക്കാനും കേരള രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്താനും ഉതകുന്ന പദ്ധതികളെക്കുറിച്ചാണ ് പിണറായി സര്‍ക്കാര്‍ സംസാരിക്കേണ്ടത്്. അത്തരത്തിലൊരു പദ്ധതിയുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്താന്‍ പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ ആവശ്യം വരില്ല. കേരളത്തെ അപേക്ഷിച്ച് ജനക്ഷേമവും വികസനവും നടപ്പിലാക്കിയ സര്‍ക്കാരുകള്‍ രാജ്യത്ത് വേറെയുമുണ്ടെങ്കിലും ഇത്തരത്തില്‍ പ്രോഗ്രസ് കാര്‍ഡ് ഇറക്കി അത് ജനങ്ങളെ മനസിലാക്കിപ്പിക്കാന്‍ ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തയ്യാറായിട്ടുമില്ല.

ആരോഗ്യം, പൊതുവിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച വികസനങ്ങളും, നിലവിലുള്ള പദ്ധതികളും ഉയര്‍ത്തിക്കാണിച്ചാണ് മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരണം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന ജീര്‍ണതകളെ മാറ്റി നിര്‍ത്തിയാണ് ഇടതു സര്‍ക്കാര്‍ വികസനവുമായി മുന്നോട്ട് പോകുന്നതെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണം, അടിയന്തരസഹായങ്ങള്‍, കേരള പുനര്‍നിര്‍മാണ പദ്ധതി, ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം, വിഭവസമൃദ്ധിക്ക് കിഫ്ബി, മറ്റു പ്രധാന പദ്ധതികളും പ്രവര്‍ത്തനങ്ങളും, മികവിനു കിട്ടിയ അംഗീകാരങ്ങള്‍ തുടങ്ങിയവയും പ്രോഗ്രസ് റിപ്പോര്‍ട്ടിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഊന്നി ഒരു സര്‍ക്കാര്‍ പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുന്നത് തീര്‍ച്ചയായും നല്ലതുതന്നെ. പക്ഷേ ആ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല സംസ്ഥാനത്ത് അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളാണ് പദ്ധതിനേട്ടങ്ങളേക്കാള്‍ ജനങ്ങളുടെ മനസിലെത്തുന്നതെന്ന് സിമ്പിള്‍ സൈക്കോളജി കൂടി ഓര്‍ക്കേണ്ടിയിരിക്കുന്നു.

അധികാരത്തിന്റെ ആദ്യനാളുകളില്‍ തന്നെ കേരളജനതയുടെ വലിയ പ്രതീക്ഷ മങ്ങിപ്പിക്കുന്ന നിലപാടുകളാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. സുഖസ്വസ്ഥമായി നാട് ഭരിക്കാനാകുന്ന എല്ലാ സാഹചര്യങ്ങളും കൈവന്ന പിണറായി പക്ഷെ വിവാദങ്ങള്‍ സ്വയം ക്ഷണിച്ചു വരുത്തുന്നതിനായിരുന്നു കേരളം സാക്ഷിയായത്. സര്‍ക്കാരോഫീസുകളിലെ ഓണാഘോഷം മുതല്‍ അക്രമരാഷ്ട്രിയത്തിലെ നിലപാടുകള്‍, പൊലീസ് അതിക്രമങ്ങളില്‍ ഇരകളോടുള്ള നിസംഗത, മാധ്യമങ്ങളെ ആട്ടിപ്പായിക്കല്‍ തുടങ്ങി ബൂമറാങ്ങ് പോലെ തിരിച്ചടിച്ച ശബരിമല പ്രശ്‌നം വരെ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി ഒട്ടും ജനകീയനാകുന്നില്ല എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളായി. ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളെ വികാരം മാനിക്കാതെ ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് സര്‍ക്കാരിന്റെ ധീരമായ നിലപാടായിരുന്നെങ്കില്‍ തീര്‍ച്ചയായും അത് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമായിരുന്നു. മിഷന്‍ ഗ്രീന്‍ ശബരിമല’ പദ്ധതിയുടെ ഭാഗമായി പൂങ്കാവനവും നടപ്പാതകളും മാലിന്യമുക്തമാക്കാന്‍ നടപടിയെടുത്തു, ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള നടപടികള്‍ വിജയകരമായി പുരോഗമിക്കുന്നു തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞുപോകുമ്പോള്‍ ശബരിമലയില്‍ ലിംഗസമത്വം നടപ്പിലാക്കി എന്നോ അതിനായി ശ്രമിച്ചു എന്നോ പറയാനുള്ള ചങ്കുറപ്പുകൂടി പിണറായി വിജയന് വേണ്ടിയിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടാല്‍ തെറ്റ് പറയാനാകുമോ.

വനിതകകളോടുള്ള ബഹുമാനസൂചകമായി അവര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് നൂറാംദിനം ആഘോഷവേളയില്‍ പ്രഖ്യാപിച്ചിരുന്നു. അത് നടപ്പിലാക്കിയെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരുവനന്തപുരം പൂജപ്പുരയില്‍ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ് പ്രവര്‍ത്തനം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജില്ലാതലത്തില്‍ ഓഫീസര്‍മാരെ നിയമിച്ച് പ്രവര്‍ത്തനം തുടങ്ങിയെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനം ഏ്ത് രീതിയിലാണെന്നും സ്ത്രീകള്‍ക്ക് ഇത് എങ്ങനെ ഗുണകരമാകുമെന്നും അറിയുന്നവര്‍ ആരുമില്ല. എന്തായും ഇതിലൊന്നും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കിലും സുപ്രീംകോടതി വിധി പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാനത്ത് യുദ്ധസന്നാഹമായ സാഹചര്യം സൃഷ്ടിച്ച് കുറെ ഫെമിനിസ്റ്റുകളെ രായ്ക്ക് രാമാനം ശബരിമലയില്‍ എത്തിച്ചതും പിന്നെ ലിംഗസമത്വത്തിനായി വടക്ക് മുതല്‍ തെക്കുവരെ വനിതാ മതിലുണ്ടാക്കിയതും പറയാതെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി താങ്കളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പൂര്‍ണമാകില്ലെന്ന് വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button