ഇടുക്കി: മൂന്നാറില്‍ പൂവിട്ട കരിബീയന്‍ യൂക്കാ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു. കരീബിയന്‍ ദ്വീപ്, അമേരിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന യൂക്കാ ചെടി മൂന്നാറിലെ നല്ലതണ്ണി ടീ മ്യൂസിയത്തിന് സമീപമാണ് പൂവിട്ടത്. ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ യൂക്കാ ചെടി അപൂര്‍വ്വമായാണ് വിരിയാറ്. കരീബീയന്‍ ദ്വീപുകളിലെ കടല്‍ത്തീരങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലും കണ്ടുവരുന്ന ചെടിയാണിത്. 42 വിഭാഗങ്ങളും 24 ഉപവിഭാഗങ്ങളുമുള്ള ചെടിയാണ് യൂക്ക. അസ്പറഗാസിയേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ചെടിയാണ് യൂക്കാ. യൂക്കാ ഗ്ലോറിയോസാ എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. സ്പാനിഷ് ഡാഗര്‍ എന്നും അറിയപ്പെടാറുണ്ട്.
കട്ടികൂടിയ ഇലകളോടു കൂടിയ ചെടിക്ക് വാടാതിരിക്കാനുള്ള കഴിവുണ്ട്. ഇവയുടെ വേരുകള്‍ക്ക് ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുവാനുള്ള കഴിവുണ്ട്. ഇലകള്‍ക്കു മുകളില്‍ മെഴുകുപോലെ തോന്നിപ്പിക്കുന്ന ഭാഗവും ജലാംശം നഷ്ടപ്പെടാതിരിക്കുവാന്‍ സഹായിക്കുന്നു. കാറ്റിനെ പ്രതിരോധിക്കാനുള്ള ശക്തിയുള്ളതു കാരണം കാറ്റര്‍പില്ലര്‍, ലാര്‍വ്വ തുടങ്ങിയ ഈ ചെടിയുടെ ഉള്ളില്‍ താവളമാക്കാറുണ്ട്. കരിബീയന്‍ ദ്വീപ്, അമേരിക്ക എന്നിവയ്ക്കു പുറമേ മെക്‌സിക്കോ, ഗ്വാട്ടിമാല തുടങ്ങി രാജ്യങ്ങളിലും ഇവ കണ്ടുവരുന്നുണ്ട്. എല്ലാത്തരം കാലാവസ്ഥയെയും അതിജീവിക്കാന്‍ ഈ ചെടിക്ക് കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉഷ്ണമേഖല പ്രദേശങ്ങള്‍ക്കു പുറമേ പുല്‍മേടുകളിലും മലനിരകളിലും ഇവ വളരാറുണ്ട്.
ഉദ്യാനങ്ങളില്‍ ഒരു അലങ്കാര ചെടിയായാണ് യൂക്ക വളര്‍ത്തുന്നത്. മെക്‌സിക്കോയിലുള്ളവര്‍ ഇവയുടെ ഇലകള്‍ ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കാറുണ്ട്.
Post Your Comments