തൃശൂർ: സ്വകാര്യ ബസ് വഴിമുടക്കിയപ്പോൾ ആംബുലൻസിനുള്ളി പൊലിഞ്ഞത് ഒരു ജീവൻ. 20 മിനിറ്റോളം ആംബുലൻസിന്റെ വഴിമുടക്കിയ ശേഷം സ്വകാര്യ ബസിന്റെ ഡ്രൈവർ പറഞ്ഞതിങ്ങനെയാണ്: ‘എനിക്കെന്റെ സമയം നോക്കേണ്ടേ?’ നടുറോഡിൽ പാഴായ ആ സമയമാണ് ആംബുലൻസിനുള്ളിലെ രോഗിയുടെ ജീവൻ പൊലിയാൻ ഇടയാക്കിയതെന്നു പ്രാഥമിക സ്ഥിരീകരണം. അൽപം കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് ജൂബിലി മിഷൻ ആശുപത്രി അധികൃതർ നൽകുന്ന വിവരം.
മനക്കൊടി ചേറ്റുപുഴ പാടത്ത് വരിതെറ്റിച്ചെത്തി ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ സ്വകാര്യ ബസാണ് ജീവൻ നഷ്ടപ്പെടുത്താൻ ഇടയാക്കിയത്. ഇടശേരി പുഴങ്കരയില്ലത്ത് അബ്ദുൽ റഹിമാന്റെ ഭാര്യ ഐഷാബി (67) ആണ് കഴിഞ്ഞ ദിവസം ആംബുലൻസിനുള്ളിൽ മരിച്ചത്. വിഷജീവിയുടെ കടിയേറ്റ ഐഷാബിയെ ആക്ട്സിന്റെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
തൃശൂർ – കാഞ്ഞാണി റൂട്ടിലോടുന്ന മണിക്കുട്ടൻ എന്ന ബസ് വരിതെറ്റിച്ചെത്തി നടുറോഡിൽ വിലങ്ങനെ നിർത്തി. സൈറൺ മുഴക്കിയെത്തിയ ആംബുലൻസ് അടക്കം ഒട്ടേറെ വാഹനങ്ങൾ കുരുക്കിലായി. 20 മിനിറ്റോളം ആംബുലൻസ് സൈറൺ മുഴക്കിയിട്ടും ബസ് പിന്നിലേക്ക് എടുക്കാനോ കുരുക്ക് നീക്കാനോ തയാറായില്ല.
ആംബുലൻസിന്റെ ഡ്രൈവർ വണ്ടിയിൽ നിന്നിറങ്ങി സ്വകാര്യ ബസ് ഡ്രൈവറോടു വണ്ടി നീക്കാൻ ആവശ്യപ്പെട്ടെങ്കിലും ‘എനിക്കെന്റെ സമയം നോക്കേണ്ടേ’ എന്നായിരുന്നു മറുപടി. സമീപത്തെ വാഹനങ്ങളിലുണ്ടായിരുന്നവർ പുറത്തിറങ്ങി മറ്റു വാഹനങ്ങൾ ഒതുക്കി വഴിയൊരുക്കിയാണ് ആംബുലൻസ് കടത്തിവിട്ടത്. ബസ് ഡ്രൈവർ മനക്കൊടി തോട്ടപ്പിള്ളി സുജിലിനെ (32) പൊലീസ് പിടികൂടി.
Post Your Comments