ഓവല്‍ : ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ആസ്‌ട്രേലിയ പോരാട്ടം. ഓവലില്‍ വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം. ഓസീസിന്റെ മൂന്നാമത്തെയും ഇന്ത്യയുടെ രണ്ടാമത്തെയും മത്സരമാണിത്. ശക്തരായ രണ്ട് ടീമുകള്‍. ലോകത്തെ മികച്ച താരങ്ങളുടെ നിര യാണ് രണ്ട് ടീമുകളിലുമള്ളത്. രണ്ട് മുന്‍ ചാംപ്യന്മാരുടെ പോരാട്ടം കൂടിയാണിത്. അഫ്ഗാനെയും വെസ്റ്റിന്‍ഡീസിനെയും തോല്‍പ്പിച്ചാണ് ഓസിസ് എത്തുന്നത്.
ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയവരുടെ കാര്യത്തില്‍ ഓസിസിന് ആത്മവിശ്വാസം കണ്ടെത്താനായിട്ടില്ല. ബൌളര്‍മാര്‍ രണ്ട് ടീമുകള്‍ക്കും ശക്തി തന്നയാണ്. ഷമി,ഭുവനേശ്വര്‍, ബൂംറ എന്നീ മൂന്ന് പേസര്‍മാരെയും ഇന്ത്യ കളിപ്പിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ ഷമി കളിച്ചിരുന്നില്ല. സ്പിന്നര്‍മാരില്‍ ചാഹലിനെയാണ് ആശ്രയിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഓസിസ് ബൗളിങിന് നേതൃത്വം നല്‍കുന്നത്.
ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ മറികടന്നത്. രണ്ട് ടീമുകളുടെയും പ്രധാന നിരാശ എല്ലാ ബാറ്റ്‌സ്മാന്മാരും ഫോമിലെത്തിയിട്ടില്ല എന്നതാണ്. വാര്‍ണറും സ്മിത്തും മാത്രമാണ് ഓസിസ് നിരയില്‍ സ്ഥിരത പുലര്‍ത്തുന്നത്. ഇന്ത്യക്കായി രോഹിത് ശര്‍മ നടത്തിയ ഒറ്റയാള്‍ പോരാട്ടമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ നിര്‍ണായകമായത്. ധവാനും കോഹ്‌ലിയും രാഹുലും ഫോം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.
Post Your Comments