Latest NewsKerala

വൈറലാകുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. പക്ഷേ, മനുഷ്യപ്പറ്റില്ലാതെ എതിരെ നില്‍ക്കുന്നയാള്‍ ബലഹീനനെന്ന് അളന്ന് മനസ്സിലാക്കി അയാളെ ഉപദ്രവിക്കുന്നത് മനോവൈകല്യങ്ങളുടെ കൂട്ടത്തിലേ അളക്കാനാകൂ- ഡോ. ഷിംനയുടെ കുറിപ്പ് വായിക്കേണ്ടത്

ചുറ്റുമുള്ളവരെ പരിഹസിക്കുന്നത് ആരുടെയും മേന്മയല്ല, അവനവന്റെ കുറവ് മാത്രമാണ് എടുത്ത് കാണിക്കുന്നത്. അതും പോരാഞ്ഞ്, ഈ സോഷ്യല്‍ മീഡിയ കാലത്തിന് നേരും നെറിയും ഒരല്‍പമേറെ തന്നെ ഇല്ലെന്ന് തോന്നുന്നുവെന്ന് ഡോ. ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വൈറലാകുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. പക്ഷേ, മനുഷ്യപ്പറ്റില്ലാതെ എതിരെ നില്‍ക്കുന്നയാള്‍ ബലഹീനനെന്ന് അളന്ന് മനസ്സിലാക്കി അയാളെ ഉപദ്രവിക്കുന്നത് മനോവൈകല്യങ്ങളുടെ കൂട്ടത്തിലേ അളക്കാനാകൂ. അത് മാറിക്കിട്ടണമെങ്കില്‍ നിലപാടുകള്‍ ഉണ്ടായേ മതിയാകൂ. കൂടെ കടുത്ത നിയന്ത്രണങ്ങളും നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങളും ഉണ്ടാവുകയും വേണമെന്നും ഷിംന കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഓറിയോ ബിസ്‌കറ്റില്ലേ? നല്ല ചോക്ലേറ്റ് കളര്‍ ബിസ്‌കറ്റിന്റെ ഇടയില്‍ വെള്ള ക്രീമൊക്കെ ആയിട്ട്. അത് പറിച്ച് വേര്‍പ്പെടുത്തി ക്രീം നക്കി തിന്നിട്ട് നടുവില്‍ ടൂത്ത്പേസ്റ്റ് തേച്ചിട്ട് തെരുവില്‍ ജീവിക്കുന്ന ഒരു സാധുവിന് കഴിക്കാന്‍ കൊടുത്തെന്ന് വെക്കുക. ആ വീഡിയോ ഫേസ്ബുക്കിലോ ടിക്ക്ടോക്കിലോ യൂട്യൂബ് ചാനലിലോ ഇട്ടൂന്നും വെക്കാം. എന്ത് സംഭവിക്കും? കുറേ ലൈക്ക്, നൂറായിരം ഷെയര്‍, കുറേ പേരുടെ തെറിവിളി. എങ്ങനെ പോയാലും നെഗറ്റീവ് പബ്ലിസിറ്റി വഴിയെങ്കിലും പോസ്റ്റ് സൂപ്പര്‍ ഹിറ്റാവും.

ഇതേ സംഗതി സ്പെയിനില്‍ നടന്നു. തെരുവില്‍ ജീവിക്കുന്ന ആള്‍ ആ ഓറിയോ കഴിച്ച് ഛര്‍ദ്ദിച്ചു. വലിയ തോതില്‍ സോഷ്യല്‍ മീഡിയ ഈ വീഡിയോയെ അപലപിച്ചു. അപ്പോള്‍ സ്പെയിനില്‍ ജനിച്ച് വളര്‍ന്ന ഈ ചൈനക്കാരന്‍ വിശദീകരണം പറഞ്ഞു- ‘തന്റെ യൂട്യൂബ് ചാനല്‍ വ്യൂവര്‍മാരില്‍ ഒരാള്‍ പറഞ്ഞ ചലഞ്ചായിരുന്നു ഇത്. ഇത് വഴി ആ വ്യക്തി ഒരിക്കലും വൃത്തിയാക്കാത്ത പല്ല് വൃത്തിയാക്കാനാണ് ഞാന്‍ ഉദ്ദേശിച്ചത്.” അതും കടുത്ത പ്രതിഷേധത്തിനിടയാക്കി. ഈ തോന്നിവാസം കാണിച്ചവനെതിരെ നിയമനടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ബിസ്‌കറ്റ് നല്‍കപ്പെട്ടയാളെ കാശ് കൊടുത്ത് സ്വാധീനിക്കാനും ശ്രമിച്ചു.

എന്നിട്ടെന്ത് സംഭവിച്ചു? അന്ന് പത്തൊന്‍പത് വയസ്സുണ്ടായിരുന്ന ഈ ചങ്ങായിക്ക് ബാര്‍സലോണ കോടതി പതിനഞ്ച് മാസം ജയില്‍വാസവും പതിനാറ് ലക്ഷം രൂപ ഫൈനും , അഞ്ച് വര്‍ഷം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്നും പൂര്‍ണവിലക്കും വിധിച്ചു. വളരെ നല്ല കാര്യം. ഇവിടാണേല്‍ വീഡിയോ വൈറലായി ഓന് സ്വീകരണം ഏര്‍പ്പാടാക്കാന്‍ വരെ ആളുണ്ടായേനെ. നമുക്ക് നിയമങ്ങള്‍ ഇല്ലെന്നല്ല, വേണ്ട വിധം നടപ്പിലാക്കുന്നില്ലെന്നാണ് എഴുതി വെക്കുന്നത്.

കല്യാണ റാഗിങ്ങും സോഷ്യല്‍ മീഡിയ ചലഞ്ചുകളുമൊക്കെ പലപ്പോഴും അതിര് വിട്ട് ഇതിന്റെ പല രൂപങ്ങളിലും ഭാവങ്ങളിലും വന്ന് ഭവിക്കാറുണ്ട്. തമാശയേത് തെമ്മാടിത്തരമേത് എന്നറിയാനുള്ള വിവേചനബുദ്ധിയും പക്വതയും ഇല്ലാത്തവരുടെ എണ്ണവും ചെറുതല്ല.

എന്തിനേറെ, മഹാഭാരതത്തില്‍ വരെ ദരിദ്രനായ ദ്രോണാചാര്യരുടെ പുത്രന്‍ അശ്വത്ഥാമാവിന്റെ ബാല്യകാലത്ത് വെള്ളത്തില്‍ അരിപ്പൊടി കലക്കി കൊടുത്ത് കുടിപ്പിച്ച് അത് പാലാണെന്ന് പറഞ്ഞ് ‘സുഹൃത്തുക്കള്‍’ കളിയാക്കി ചിരിക്കുന്നൊരു സന്ദര്‍ഭമുണ്ട്. Bullying എന്ന സാഡിസം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല ഈ ചുരുക്കം.

ഒരാളും മറ്റൊരാള്‍ക്ക് മീതെയാകുന്നില്ല. ഓരോ വ്യക്തിയും തന്റേതായ ചക്രവാളത്തില്‍ ഏതെങ്കിലും വിഷയത്തില്‍ വൈദഗ്ധ്യമുള്ളവലായിരിക്കും. അവിടെ അയാളോട് സംശയം ചോദിക്കുകയോ സഹായം തേടുകയോ വേണ്ടി വരുമെന്നതിലും സംശയമില്ല. സംശയം ചോദിക്കാന്‍ ചിലപ്പോള്‍ നമ്മുടെ അഹങ്കാരമോ ദുരഭിമാനമോ സമ്മതിച്ചേക്കില്ലെന്ന് മാത്രം.

ചുറ്റുമുള്ളവരെ പരിഹസിക്കുന്നത് ആരുടെയും മേന്മയല്ല, അവനവന്റെ കുറവ് മാത്രമാണ് എടുത്ത് കാണിക്കുന്നത്. അതും പോരാഞ്ഞ്, ഈ സോഷ്യല്‍ മീഡിയ കാലത്തിന് നേരും നെറിയും ഒരല്‍പമേറെ തന്നെ ഇല്ലെന്ന് തോന്നുന്നു.

പറഞ്ഞു വന്നത്, വൈറലാകുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. പക്ഷേ, മനുഷ്യപ്പറ്റില്ലാതെ എതിരെ നില്‍ക്കുന്നയാള്‍ ബലഹീനനെന്ന് അളന്ന് മനസ്സിലാക്കി അയാളെ ഉപദ്രവിക്കുന്നത് മനോവൈകല്യങ്ങളുടെ കൂട്ടത്തിലേ അളക്കാനാകൂ. അത് മാറിക്കിട്ടണമെങ്കില്‍ നിലപാടുകള്‍ ഉണ്ടായേ മതിയാകൂ. കൂടെ കടുത്ത നിയന്ത്രണങ്ങളും നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങളും ഉണ്ടാവുകയും വേണം. ഇല്ലെങ്കില്‍ ഇത്തരം ക്രൂരതകള്‍ ഇനിയും ആവര്‍ത്തിക്കും. അപമാനങ്ങള്‍ തുടരും.

നാം വളരേണ്ടിയിരിക്കുന്നു.

https://www.facebook.com/shimnazeez/posts/10157543983722755

shortlink

Related Articles

Post Your Comments

Related Articles


Back to top button