തിരുവനന്തപുരം : മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ഈ സര്‍ക്കാരിന്റെ കാലത്ത് ശിക്ഷാനടപടി നേരിട്ടത് 41 സര്‍ക്കാര്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചതിനു മാത്രം 119 പേര്‍ക്കെതിരെയാണു കേസ്. ഇതില്‍ 12 സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരു കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനും ഉള്‍പ്പെടുന്നു.
ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ സമൂഹമാധ്യമ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിനു 38 കേസുകളിലായി 56 പ്രതികള്‍. ഇതില്‍ 26 പേര്‍ അറസ്റ്റിലായി. ഇതേ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പോസ്റ്റിട്ടതിനു 11 പരാതി സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ഇപ്രകാരം എത്ര പേര്‍ക്കെതിരെ നടപടിയെടുത്തുവെന്ന ചോദ്യത്തിന് ‘വിവരം ശേഖരിച്ചു നല്‍കാം’ എന്നു മാത്രമാണു മറുപടി.കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. വളരെ വൈകിയാണ് ഉത്തരം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്.
ജനുവരിവരെ നടപടിക്ക് വിധേയരായ 41 പേരില്‍ 12 പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയും 29 പേര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.അതോടൊപ്പം രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള സമൂഹമാധ്യമ അധിക്ഷേപങ്ങളില്‍ 3 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മന്ത്രിമാരായ കെ.ടി ജലീല്‍, കെ.കെ.ഷൈലജ, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, എംഎല്‍എമാരായ, എം.കെ മുനീര്‍ തുടങ്ങിയവരും സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിനെതിരെ പരാതി നല്‍കിയവരില്‍ പെടുന്നു.
Post Your Comments