ജീവിത ശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതികളും ഇന്ന് പലരുടെയും ആരോഗ്യസ്ഥിതിയെ മോശമായി ബാധിച്ചിട്ടുണ്ട്. ശരിയായ വ്യായാമവും വിശ്രമവും ഇല്ലാത്തതും ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്‌കാരവുമൊക്കെ രോഗങ്ങള്‍ വിളിച്ചു വരുത്തുന്നവയാണ്. ഇപ്പോള്‍ സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന രോഗമാണ് അണ്ഡാശയ ക്യാന്‍സര്‍ അഥവാ ഒവേറിയന്‍ ക്യാന്‍സര്‍. ഗര്‍ഭാശയത്തെയും പ്രത്യുല്‍പാദന പ്രക്രിയയെയും വളരെ ദോഷമായി ബാധിക്കുന്ന ഈ രോഗം അപകടകാരിയാണ്. തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുകയും വേണം.
അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍. ഗര്‍ഭപാത്രത്തില്‍ അണ്ഡാശയത്തിനകത്തുണ്ടാകുന്ന മുഴകള്‍ പോലെയുള്ള അസാധാരണ വളര്‍ച്ചയാണിത്. ചിലപ്പോള്‍ ചെറിയ കുമിളകള്‍ പോലെ രൂപപ്പെട്ടു തുടങ്ങുന്ന ഇവ വേഗം വളര്‍ന്ന് വ്യാപിക്കുവാനും ഇടയുണ്ട്. അണ്ഡാശയത്തിന്റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ ആണ് അണ്ഡാശയ ക്യാന്‍സര്‍ ബാധിക്കുന്നത്. ഇത് പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. എന്നാല്‍ നേരത്തേ തന്നെ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയാല്‍ ഇതില്‍ നിന്നും രക്ഷനേടാനും കഴിയും.
അണ്ഡാശയ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍ നോക്കാം
വയറിന്റെ വലുപ്പം കൂടുക എന്നത് ഈ രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. എപ്പോഴും വയറ് വീര്‍ത്തിരിക്കുക, ക്രമം തെറ്റിയ ആര്‍ത്തവം, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന എന്നിവയും ഉണ്ടാകാം. അടിക്കടി മൂത്രം പോകല്‍, ആര്‍ത്തവസമയത്തെ അസാധാരണ വേദന, ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്തെ വേദന, കാലില്‍ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആര്‍ത്തവമില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, മലബന്ധം, മുടി കൊഴിച്ചില്‍, ശബ്ദവ്യതിയാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളൊക്കെയും മറ്റ് രോഗങ്ങളുടെ ഭാഗമായും വരാറുള്ളതിനാല്‍ പലരും അവഗണിക്കാറാണ് പതിവ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടാവുന്നതാണ്. രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കുകയാണ് ആദ്യ പടി.
Post Your Comments