ന്യൂ ഡല്‍ഹി : കോണ്‍ഗ്രസില്‍ അച്ചടക്കം ഉറപ്പാക്കണമെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‌ലി. ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിലുയര്‍ന്ന പടലപ്പിണക്കങ്ങളുടെ സാഹചര്യത്തിലാണ് മൊയ്‌ലി ഇക്കാര്യത്തതില്‍ പരസ്യപ്രസ്താവന നടത്തിയത്. അധ്യക്ഷസ്ഥാനത്ത് യോഗ്യനായ മറ്റൊരാളെത്താതെ രാഹുലിന് മാറി നില്‍ക്കാനാകില്ലെന്നും വീരപ്പമൊയ്‌ലി ചൂണ്ടിക്കാട്ടി.
രാജസ്ഥാന്‍, പഞ്ചാബ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ച മൊയ്‌ലി നേതൃത്വം വേണ്ടതുപോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി. രാഹുലിന് അധ്യക്ഷസ്ഥാനത്ത് മാറണമെങ്കില്‍ തന്നെ അതിനുള്ള സമയം ഇതല്ലെന്നും മുന്‍കേന്ദ്രമന്ത്രി കൂടിയായിരുന്ന മൊയ്‌ലി വിമര്‍ശിച്ചു. രാഹുല്‍ അങ്ങനെ ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക് സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനേറ്റ വന്‍പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് കോണ്‍ഗ്രസ് ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അധ്യക്ഷസ്ഥാനം രാജി വയ്ക്കുകയാണെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രവര്‍ത്തകസമിതി ഒറ്റക്കെട്ടായി രാഹുലിന്റെ രാജി തള്ളുകയായിരുന്നു. സമയം കളയാതെ രാഹുല്‍ അധ്യക്ഷനെന്ന നിലയില്‍ പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പിക്കുകയാണ് വേണ്ടതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അസ്വസ്ഥമാകേണ്ടതില്ലെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. ദേശീയ തലത്തിലുള്ള കോണ്‍ഗ്രസിന്റെ സ്ഥാനം തെറ്റിക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ നല്ലതല്ലെന്നും ആരുടെയും പേര് എടുത്തുപറയാതെ മൊയ്‌ലി ഓര്‍മ്മിപ്പിച്ചു.
Post Your Comments