ബെംഗളൂരു: കടബാധ്യതയെ തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു വര്‍ഷത്തിനിടെ ജീവനൊടുക്കിയ കര്‍ഷകരുടെ ഔദ്യോഗിക കണക്ക് 907 ആണ്. ഇതില്‍ 657 പേരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയെന്നും റിപ്പോർട്ടുണ്ട്.വിളവുണ്ടായിട്ടും കാർഷിക വിളകൾക്ക് വില ലഭിക്കാതെ കടക്കെണിയിൽ കുടുങ്ങി ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന കർഷകരുടെ എണ്ണവും സംസ്ഥാനത്ത് വർധിക്കുകയാണെന്ന് കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 3,515 കര്‍ഷകരാണ്.
2008 ഏപ്രില്‍ മുതല്‍ 2012 ഏപ്രില്‍ വരെ സംസ്ഥാനത്ത് 1,125 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2013 ഏപ്രില്‍ മുതല്‍ 2017 നവംബര്‍ വരെ 3,515 പേരും ജീവനൊടുക്കി.മാണ്ഡ്യ, ദാവന്‍ഗരെ എന്നിവിടങ്ങളിലായി രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതാണ് ഒടുവിലത്തെ സംഭവം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യയുണ്ടായത് മാണ്ഡ്യയിലാണ്. കരിമ്പു കൃഷിയുടെ കേന്ദ്രമായ മാണ്ഡ്യ ഇന്ന് കർഷക ആത്മഹത്യകളുടെ പേരിലാണ് അറിയപ്പെടുന്നത്.വരള്‍ച്ചയും കൃഷിനാശവും മൂലമുണ്ടായ കടക്കെണിയാണ് ആത്മഹത്യകള്‍ പെരുകാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കരിമ്പ്, നെല്‍ കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നതില്‍ കൂടുതലും. 30 ശതമാനംവരെ കൊള്ളപ്പലിശയ്ക്ക് പണം കടംകൊടുക്കുന്ന പ്രാദേശിക ബ്ലേഡു സംഘങ്ങളുടെ പിടിയിലാണ് മിക്ക കർഷകരും. കൊള്ളപ്പലിശക്ക് വായ്പ നല്‍കി കര്‍ഷകരെ ചൂഷണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,332 കേസുകളിലായി 585 പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി.
Post Your Comments