തിരുവല്ല: പ്രതിക്ക് ജാമ്യമെടുക്കാൻ ചെന്ന ജാമ്യക്കാരൻ പുലിവാല് പിടിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചെങ്കിലും മദ്യലഹരിയിലായിരുന്നതിനാലാണ് ജാമ്യക്കാരന്‍ റിമാന്‍ഡിലായി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ കോടതിയിലെത്തിയ ചെങ്ങന്നൂര്‍ മുളക്കുഴ പടിഞ്ഞാറെ ചെരിവ് പുപ്പംകരമോടിയില്‍ ബിജു ചെല്ലപ്പന്‍ (44) ആണ് റിമാന്‍ഡിലായത്.
ബിജുവിന്റെ സുഹൃത്ത് ശ്രീകാന്തിനൊപ്പമാണ് കോടതിയിലെത്തിയത്. ചെക്ക് തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീകാന്തിന്റെ സുഹൃത്തിന് ജാമ്യം നില്‍ക്കാനാണ് ഇരുവരും എത്തിയത്. ഇരുവരുടെയും ഉറപ്പ് സ്വീകരിച്ച് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. എന്നാൽ കോടതി നടപടികൾക്കിടെ ബിജു മദ്യപിച്ചിരുന്നതായി മജിസ്‌ട്രേറ്റിനു സംശയം തോന്നുകയായിരുന്നു.
തുടർന്ന് പോലീസിനെ വരുത്തി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ചെന്ന് ബോധ്യമായതോടെ സ്വയം കേസെടുത്ത് മജിസ്‌ട്രേറ്റ് കെ.എസ്.ബവീന നാഥ് ബിജുവിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
Post Your Comments