കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട കെവിനുമായി വിവാഹം നടത്തി നൽകാമെന്ന് നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ പറഞ്ഞുവെന്ന് ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എംഎസ് ഷിബു കോടതിയിൽ മൊഴി നൽകി.കെവിൻ വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ എംഎസ് ഷിബുവിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.
കെവിന്റെയും നീനുവിന്റെയും വിവാഹം നടത്തികൊടുക്കാമെന്ന് ചാക്കോ ഈ ഉറപ്പു നല്‍കിയതു കൊണ്ടാണു നീനുവുമായി സംസാരിക്കാന്‍ ചാക്കോയ്ക്ക് അവസരം നല്‍കിയതെന്ന് ഷിബു വ്യക്തമാക്കി. സർവീസിൽ നിന്ന് പുറത്താക്കിയ ഷിബുവിനെ തിരിച്ചെടുത്തെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ആ ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ്.
ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കുമുമ്പാകെയാണ് ഷിബു മൊഴി നൽകിയത്. 2018 മേയ് 25നാണ് നീനുവിനെ കെവിന്‍ തട്ടിക്കൊണ്ടു പോയെന്ന് പിതാവ് ചാക്കോ ജോണ്‍ പരാതി നല്‍കിയത് . നീനുവിനെ അമ്മഞ്ചേരിയിലെ ഹോസ്റ്റലില്‍ നിന്നു വിളിച്ചു വരുത്തി. പിതാവിനൊപ്പം പോകാന്‍ താത്പര്യമില്ലെന്നും കെവിന് ഒപ്പം പോകാനാണ് താത്പര്യമെന്നും നീനു പറഞ്ഞു. എന്നാൽ സ്റ്റേഷന് മുമ്പിൽ വെച്ച് നീനുവിനെ ചാക്കോ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടു.
കെവിനെയും ബന്ധു അനീഷിനെയും നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയിയെന്ന് സംഭവ ദിവസം രാവിലെ ഏഴിനു ജില്ലാ പോലീസ് മേധാവിയെയും ഡിവൈഎസ്പിയെയും അറിയിച്ചിരുന്നു.മെഡിക്കല്‍ കോളജില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനമുള്ളതിനാല്‍ അന്നു വൈകീട്ട് നാല് മണിക്കാണ് കെവിനെ അന്വേഷിച്ചു പോകാന്‍ കഴിഞ്ഞത്. അര ദിവസം മാത്രമാണ് അന്വേഷിക്കാന്‍ കഴിഞ്ഞത്.
മേയ് 27നു രാവിലെ ആറിന് എഎസ്‌ഐ ടി.എം ബിജുവാണ് തന്നെ വിവരം ഫോണില്‍ അറിയിച്ചത്. ഏഴിനു ഡിവൈഎസ്പി ഷാജിമോന്‍ ജോസഫിനോട് ഫോണില്‍ വിവരം പറഞ്ഞു. അപ്പോള്‍ എഎസ്‌ഐ ബിജു പറഞ്ഞ സംഭവം അല്ലേ എന്ന് ചോദിച്ചു. 10ന് ജില്ലാ പൊലീസ് മേധാവിയെയും വിവരം അറിയിച്ചു. ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷനാണു തട്ടിക്കൊണ്ടു പോയതിന് പിന്നിലെന്ന് അനീഷ് മൊഴി നൽകിയെന്നത് ഷിബു നിഷേധിച്ചു.
തട്ടികൊണ്ടുപോയ അനീഷ് തിരിച്ചെത്തിയപ്പോള്‍ മുഖത്ത് പാടുകൾ ഉണ്ടായിരുന്നു.ഭയവും കടുത്ത മാനസിക സംഘര്‍ഷം ഉള്ളതായും തോന്നിയിരുന്നു. ഉടനെ എഫ്‌ഐആര്‍ ഇടേണ്ടതിനാല്‍ വളരെ ചുരുക്കിയാണ് മൊഴി എടുത്തത്. എസ്‌ഐ തന്നെ കാര്യങ്ങള്‍ പറയാന്‍ അനുവദിച്ചില്ലെന്ന് നേരത്തെ അനീഷ് മൊഴി നല്‍കിയിരുന്നു.
Post Your Comments