ഛണ്ഡീഗഡ്: രാജസ്ഥാനിലെ കോൺഗ്രസിന് പിന്നാലെ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വീണ്ടും ഭിന്നത രൂക്ഷമാകുന്നു. മന്ത്രി നവജ്യോത് സിംഗ് സിദ്ദുവിന്റെ ചിറകരിഞ്ഞ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിദ്ദുവില്‍ നിന്ന് തദ്ദേശ വകുപ്പ് എടുത്തുമാറ്റി. സിദ്ദു കൈകാര്യം ചെയ്തിരുന്ന ഏറ്റവും പ്രധാന വകുപ്പുകളിലൊന്നാണ് തദ്ദേശ ഭരണ വകുപ്പ്. സിദ്ദുവില്‍ നിന്ന് ഈ വകുപ്പ് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. തല്‍ക്കാലം മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തന്നെ വകുപ്പ് കൈവശം വയ്ക്കും.
തദ്ദേശ വകുപ്പ് കൈവിട്ട് പോയതോടെ ഇനി ടൂറിസം സാംസ്‌കാരിക വകുപ്പുകളാണ് സിദ്ദുവിന്റെ കയ്യിലുള്ളത്. ക്യാബിനറ്റ് പദവിക്ക് തല്‍ക്കാലം കോട്ടം തട്ടിയിട്ടില്ല.സിദ്ദു മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുകയും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗിന്റെ തിരിച്ചടി.മന്ത്രിയെന്ന നിലയിലുള്ള സിദ്ദുവിന്റെ മോശം പ്രകടനവും പാക്ക് അനുകൂല പ്രസ്താവനകളുമാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാഗരിക മേഖലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടാന്‍ കാരണമെന്ന് അമരീന്ദര്‍ സിംഗ് കുറ്റപ്പെടുത്തി.
പഞ്ചാബിലെ ബട്ടിണ്ഡ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സൗഹൃദ മത്സരമാണെന്ന് സിദ്ദു പറഞ്ഞതും തിരിച്ചടിയായെന്ന് അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സിദ്ദു ഇക്കഴിഞ്ഞ ഏതാനും നാളുകളായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി കടുത്ത ഭിന്നതയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് പ്രതീക്ഷിച്ച സീറ്റ് ലഭിക്കാതിരുന്നതോടെ സിദ്ദു അമരീന്ദര്‍ സിംഗുമായി കൂടുതല്‍ അകന്നു. ഇതിനിടെ മന്ത്രിസഭാ യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നതിലേക്ക് വരെ എത്തി കാര്യങ്ങള്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗമാണ് സിദ്ദു ഒടുവില്‍ ബഹിഷ്‌കരിച്ചത്.
Post Your Comments