ന്യൂഡൽഹി: കോൺഗ്രസ് നേതാവും പഞ്ചാബ് മുൻ പിസിസി അധ്യക്ഷനുമായ നവ്ജ്യോത് സിങ് സിദ്ദു ഇനി അഴിക്കുള്ളിൽ. റോഡിലുണ്ടായ അടിപിടിയിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ സിദ്ദുവിന് ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. 1988 ൽ തർക്കത്തിനിടെ തലയ്ക്കടിയേറ്റ് ഒരാൾ കൊല്ലപ്പെട്ട കേസിൽ ആണ് സിദ്ദുവിനെ സുപ്രീംകോടതി ശിക്ഷിച്ചത്. പട്യാല കോടതിയിലെത്തി സിദ്ദു കീഴടങ്ങി. ഇദ്ദേഹത്തെ പട്യാല ജയിലിലേക്ക് മാറ്റും. കോടതി മുൻപാകെ കീഴടങ്ങുന്നതിന് മുൻപ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കൾ സിദ്ദുവിന്റെ വസതിയിൽ എത്തിയിരുന്നു.
തുടർന്ന് ഉച്ചകഴിഞ്ഞാണ് സിദ്ദു കോടതിയിൽ കീഴടങ്ങിയത്. സിദ്ദുവിന്റെ ഭാര്യ നവ്‌ജ്യോത് കൗർ സിദ്ദു കഴിഞ്ഞ ദിവസം രാത്രി അമൃത്‌സറിൽ നിന്ന് പട്യാലയിൽ എത്തിച്ചേർന്നിരുന്നു. 2012-17 കാലഘട്ടത്തിൽ അമൃത്‌സർ ഈസ്റ്റിൽ അകാലിദൾ- ബിജെപി സഖ്യത്തിന്റെ പ്രതിനിധിയായിരുന്നു നവ്‌ജ്യോത് കൗർ സിദ്ദു. ഒരു വർഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ രാജ്യത്തെ നിയമങ്ങളെ മാനിക്കുമെന്ന് സിദ്ദു പ്രതികരിച്ചിരുന്നു. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും. 34 വർഷം മുൻപ് നടന്ന സംഭവത്തിൽ സുപ്രീം കോടതി സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
സിദ്ദുവിനെ പുറത്താക്കണമെന്ന് പഞ്ചാബ് കോൺഗ്രസിൽ ഒരു വിഭാഗം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതോടെ പാർട്ടിയിൽ സിദ്ദുവിന് വലിയ പിന്തുണയില്ല. നേരത്തെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ഈ കേസിൽ സിദ്ദുവിന് മൂന്നുവർഷത്തെ തടവ് വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയ സിദ്ദു അനുകൂല വിധി നേടിയെങ്കിലും കൊല്ലപ്പെട്ട ഗുർനാം സിംഗിന്റെ ബന്ധുക്കൾ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ചാണ് സിദ്ദുവിനെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചത്.
സുപ്രീംകോടതിയെ സമീപിച്ച സിദ്ദു കുറ്റകൃത്യ സ്വഭാവത്തോടെ നടന്ന സംഭവമായിരുന്നില്ല ഇതെന്ന് വാദിച്ചു. വാദം അംഗീകരിച്ച കോടതി തടവുശിക്ഷ ഒഴിവാക്കുകയും മുറിവേൽക്കണമെന്ന ഉദ്ദേശ്യത്തോടെ മർദ്ദിച്ചു എന്നത് കണക്കിലെടുത്ത് 1000 രൂപ പിഴയൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്ത് ഗുർനാം സിംഗിന്റെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് മുൻ ക്രിക്കറ്റ് താരത്തെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചത്.
Post Your Comments