KeralaLatest News

കാർഷികരംഗത്തേക്ക് ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ കൃഷിരീതികൾ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കാർഷികരംഗത്തേക്ക് ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ കൃഷിരീതികൾ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാംവർഷത്തിലേക്ക് കടക്കുന്ന ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് എല്ലായിടത്തും കാർഷികരീതികളിൽ മാറ്റം വന്നിട്ടുണ്ട്. ഉത്പാദിപ്പിക്കുന്ന പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കാനും വിപണനം ചെയ്യാനുമുള്ള സൗകര്യം കേരളമാകെ ഒരുക്കുകയാണ് ലക്ഷ്യം. കൃഷിക്കാരുമായി അടുത്തുനിൽക്കുന്ന സഹകരണമേഖലയുടെ വിഭവശേഷി ഇതിനായി ഉപയോഗിച്ച് പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കാൻ കോൾഡ് സ്‌റ്റോറേജ് സൗകര്യം ഒരുക്കാനാകും. ഒരു സഹകരണ ബാങ്കിന്റെ പരിധിയിൽ ഒരു കോൾഡ് സ്‌റ്റോറേജ് നിർമിക്കുകയെന്നത് മിക്ക സംഘങ്ങൾക്കും ചെയ്യാനാവുന്നതാണ്. ഇതിനൊപ്പം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിപണനത്തിനും സൗകര്യമൊരുക്കിയാൽ നമുക്കാവശ്യമുള്ളത് മാത്രമല്ല വിദേശത്തേക്ക് വരെ കയറ്റി അയക്കാനുള്ള പച്ചക്കറി ഉത്പാദിപ്പിക്കാനാകും.

ഭക്ഷണം വിഷരഹിതമാകണം എന്ന പൊതുബോധം വളർന്നതിനാലാണ് വീടുകളിൽ കഴിയുന്ന രീതിയിൽ പച്ചക്കറി കൃഷിയിലേക്ക് തിരിയാൻ മലയാളികെള പ്രേരിപ്പിച്ചത്. ജൈവകൃഷി പ്രോത്‌സാഹിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായി സർക്കാർ ഓണത്തിനൊരു മുറം പച്ചക്കറി ഉൾപ്പെടെയുള്ള പദ്ധതികളുമായി വന്നതോടെ കൃഷി വർധിപ്പിക്കാനുമായി. ഓണക്കാലത്ത് ആവശ്യമായ പച്ചക്കറി നമുക്ക് ഉത്പാദിപ്പിക്കാനാകും. ഈ നില തുടർന്നാൽ നമുക്ക് ആവശ്യമുള്ളതും കയറ്റി അയക്കാനുള്ളതും നമുക്ക് ഉത്പാദിപ്പിക്കാനാകും. എത്ര ഭക്ഷണം കഴിക്കണം, അതിൽ എത്ര കലോറി വേണം തുടങ്ങിയ കാര്യങ്ങളിൽ മലയാളികൾക്ക് കൂടുതൽ അവബോധം ഉണ്ടാകേണ്ടതുണ്ട്. കുട്ടികളെ കൃഷി സംബന്ധമായ പരിപാടികളിൽ ഉൾപ്പെടുത്തുന്നത് നല്ല പ്രോത്‌സാഹനമാണ്. ഇതിന്റെ തുടർപ്രവർത്തനം കുട്ടികളുടേതായി വീടുകളിലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വേദിയിൽ വീട്ടമ്മമാർക്കുള്ള പച്ചക്കറി തൈ, റസിഡൻസ് അസോസിയേഷനുകൾക്കുള്ള വിത്ത് തുടങ്ങിയവയുടെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

പച്ചക്കറി ഉത്പാദനം സംസ്ഥാനത്ത് സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിന്റെ ഭാഗമായി വിഷരഹിത പച്ചക്കറികൾ വീട്ടുവളപ്പിൽ ഉത്പാദിപ്പിക്കുന്നതിനാണ് ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതി മൂന്നുവർഷമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നത്. ഇതിനായി വകുപ്പിന്റെ സമഗ്ര പച്ചക്കറികൃഷി വികസന പദ്ധതിയിൽപ്പെടുത്തിയാണ് വീട്ടുവളപ്പിലെ കൃഷിക്കായി 65 ലക്ഷം വിത്തുപാക്കറ്റുകളും, 160 ലക്ഷം പച്ചക്കറിതൈകളുമാണ് കർഷകർ, വീട്ടമ്മമാർ, കർഷക ഗ്രൂപ്പുകൾ, സന്നദ്ധസംഘടനകൾ എന്നിവർക്ക് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button