സതാംപ്ടണ്‍: ലോകകപ്പനായുള്ള ആവേശപ്പോരാട്ടവുമായി ഇന്ത്യന്‍ ടീം ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ചര്‍ച്ചയാകുന്നത് ആരാണ് ആ നാലാം നമ്പര്‍ താരം എന്നുള്ളതാണ്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചിട്ടുള്ള ചരിത്രം ഇരുവര്‍ക്കും ആത്മവിശ്വാസം പകരുന്നതാണ്. രോഹിത് ശര്‍മയ്ക്കും ശിഖര്‍ ധവാനും പിന്നാലെ മൂന്നാമനായി കോലിയും എത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര കരുത്താര്‍ജിക്കുന്നു. എന്നാല്‍, ഇതുവരെ സ്ഥിരപ്പെടാത്ത നാലാം നമ്പര്‍ സ്ഥാനമാണ് കോലിയെ ആശങ്കപ്പെടുത്തിയിരിക്കുന്നത്.
സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലിനെ തന്നെ പരീക്ഷിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഓള്‍റൗണ്ടര്‍ എന്ന രീതിയില്‍ വിജയ് ശങ്കറിനെ പരിഗണിക്കാനും സാധ്യതയുണ്ട്. നീണ്ട ടൂര്‍ണമെന്റ് ആയതിനാല്‍ ആദ്യ മത്സരത്തില്‍ അല്‍പ്പം റിസ്‌ക് എടുക്കാനും ടീം മാനേജ്‌മെന്റ് തീരുമാനിച്ചേക്കാം.
കോലിയുടെ വിശ്വസ്തനായ കെ എല്‍ രാഹുലിന് തന്നെയാണ് കൂടുതല്‍ സാധ്യത കാണുന്നത്. മധ്യനിരയിലെ എല്ലാ പ്രതീക്ഷകളും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയിലാണ്. ഐപിഎല്ലിലും തുടര്‍ന്ന് ലോകകപ്പ് സന്നാഹ മത്സരത്തിലും മിന്നി തിളങ്ങിയാണ് ധോണി കളത്തിലിറങ്ങുന്നത്. പരിക്ക് മാറിയ കേദാര്‍ ജാദവും ഒപ്പം ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും ചേരുമ്പോള്‍ ടീം സജ്ജമാകുന്നു. അതേസമയം, മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ഭുവനേശ്വര്‍ കുമാര്‍ അടക്കം മൂന്ന് പേസര്‍മാരെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. അല്ലാത്ത പക്ഷം ഭുവനേശ്വര്‍ കുമാറിനോ മുഹമ്മദ് ഷമിക്കോ ഇന്ന് പുറത്തിരിക്കേണ്ടി വരും. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യുസ്വേന്ദ്ര ചഹലിനും അവസരം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. ഒന്നാം നമ്പര്‍ പകിട്ടോടെ ജസ്പ്രീത് ബുമ്രയും എത്തുമ്പോള്‍ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീം തയാര്‍.
Post Your Comments