ജനീവയിൽ ഇന്ന് ഈദ് ആണ്. ഐക്യരാഷ്ട്ര സഭക്ക് അവധി ദിവസവും. രാവിലെ വൈകി എഴുന്നേറ്റ് അർമ്മാദിക്കുക്കയാണ്.
ഇന്ത്യയിലും ഒമാനിലും ഈദ് കാലത്തുണ്ടായിരുന്നെങ്കിലും എൻറെ ഓർമ്മയിലെ ഏറ്റവും രസകരമായ ഈദ് ആഘോഷം ബ്രൂണെയിൽ വെച്ചായിരുന്നു. ഹരി രായ ഈദ് എന്നാണ് അവിടെ അതിന് പറയുന്നത്. ഹരി രായ എന്നാൽ ‘വലിയ സദ്യ’ എന്നാണ്.
ഹരി രായയുടെ കാലത്ത് രണ്ടു ദിവസം ബ്രൂണെയിലെ കൊട്ടാരം എല്ലാവർക്കും വേണ്ടി തുറന്നിട്ടിരിക്കും. ആർക്ക് വേണമെങ്കിലും കൊട്ടാരത്തിൽ പോകാം. ഹയാത്ത് ഹോട്ടൽ ഗ്രൂപ്പാണ് അന്ന് കൊട്ടാരം നടത്തുന്നത്. അവരുടെ വക ഗംഭീര ഈദ് ബുഫേ ഉണ്ട്. അതൊക്കെ കഴിഞ്ഞാൽ ആണുങ്ങൾക്കെല്ലാം സുൽത്താനെ കാണാനും കൈ കൊടുക്കാനുമുള്ള അവസരമുണ്ട്, സ്ത്രീകൾക്ക് രാജ്ഞിമാരെയും. പോരാത്തതിന് ചെല്ലുന്നവർക്കെല്ലാം ഓരോ സമ്മാനപ്പൊതിയും ലഭിക്കും. ബ്രൂണെയിൽ ഉണ്ടായിരുന്ന നാലു വർഷവും കൊട്ടാരത്തിലെ ഈദ് ആഘോഷങ്ങൾക്ക് പോയിരുന്നു. അങ്ങനെ സുൽത്താനെ നേരിൽ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി, എന്നെ കാണാനുള്ള യോഗം അദ്ദേഹത്തിനും.
ഇത് കൊട്ടാരത്തിലെ മാത്രം കാര്യമല്ല. ഹരി രായ കാലം എല്ലാ വീട്ടിലും സദ്യയുടെ കാലം തന്നെയാണ്. മൂന്നോ നാലോ ദിവസമാണ് ആഘോഷം. ഒന്നാം ദിവസം വീട്ടിൽ ഈദ് ആഘോഷിച്ചതിന് ശേഷം ബന്ധുക്കളെ സന്ദർശിക്കാൻ പോകും. രണ്ടാം ദിവസം മുതൽ നാട്ടുകാർക്ക് വേണ്ടിയാണ് ആഘോഷം. നമ്മുടെ ഓഫിസിലെ കൂട്ടുകാർ നമ്മളോട് പറയും “എട്ടാം തിയതി ഓപ്പൺ ഹൌസ് ആണ് കേട്ടോ” എന്ന്. അങ്ങനെ പറഞ്ഞാൽ ആ ദിവസം എപ്പോൾ വേണമെങ്കിലും അവരുടെ വീട്ടിൽ പോകാം, ഭക്ഷണം കഴിക്കാം, ആശംസകൾ നേരാം. ചിലപ്പോൾ നമ്മുടെ കൂട്ടുകാർ നമ്മളോട് പറയും, “എൻറെ ഒരു കൂട്ടുകാരന്റെ വീട്ടിൽ ഓപ്പൺ
ഹൌസാണ്, നമുക്ക് പോകാം.” അങ്ങനെ നേരിട്ട് പരിചയമില്ലാത്തവരുടെ വീട്ടിൽ പോകുന്നതും സാധാരണമാണ്. പോകുന്ന വഴികളിൽ ‘ഓപ്പൺ ഹൌസ്’ എന്നെഴുതി ബോർഡ് തൂക്കിയിട്ടുണ്ടാകും. അങ്ങനെ ബോർഡുള്ള ഏത് വീട്ടിലും നമുക്ക് പോകാം, ഭക്ഷണം കഴിക്കാം. അവർ നമ്മളെ അറിയണം എന്ന് ഒരു നിർബന്ധവുമില്ല.
(ആത്മഗതം: എത്ര മനോഹരമായ ആചാരങ്ങൾ..! എന്താ ദാസാ, നമുക്ക് ഇതൊന്നും തോന്നാത്തത്? ഓണത്തിനും ക്രിസ്തുമസിനും ഈദിനും കുറച്ചു ഓപ്പൺ ഹൗസുകൾ നമുക്കും വേണ്ടേ?)
എല്ലാവർക്കും ഈദ് ആശംസകൾ…!
മുരളി തുമ്മാരുകുടി
Post Your Comments