കൊല്ലം: കഞ്ചാവുകടത്തു കേസിലെ സഹോദരങ്ങളെ എക്സൈസ് സംഘം സാഹസികമായി കുടുക്കി. തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങളാണു 3 കിലോ കഞ്ചാവുമായി പിടിയിലായത്.
എക്സൈസ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡും എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി പാരിപ്പള്ളിയിലും തിരുവനന്തപുരം കാക്കാമൂലയിലും നടത്തിയ പരിശോധനയിലാണു ഇരുവരും പിടിയിലായത്.ആദ്യം പിടിയിലായയാള്‍ നല്‍കിയ മൊഴിയനുസരിച്ച് ഇയാള്‍ക്കൊപ്പം സഹോദരന്റെ അടുത്തെത്തിയപ്പോഴാണ് ഗുണ്ടകള്‍ എക്സൈസ് സംഘത്തെ വളഞ്ഞത്. എന്നാല്‍ ഗുണ്ടാസംഘത്തോട് ഏറ്റുമുട്ടി ഇരുവരെയും കീഴടക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായി.
തിരുവനന്തപുരത്തുനിന്നു കൊല്ലത്തേക്കു കഞ്ചാവ് കടത്തി വില്‍പന നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പാരിപ്പളളിയില്‍നിന്നു കാക്കാമൂല ഇളവിന്‍വിള വീട്ടില്‍ അഖില്‍ ദേവിനെ (29) പിടികൂടിയത്. ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു. തിരുവനന്തപുരം ജില്ലയിലെ പ്രധാന കഞ്ചാവ് വില്‍പനക്കാരനായ ഇയാള്‍ ഗുണ്ടാ സംഘാംഗവും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതുള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്. പിടിച്ചെടുത്ത കഞ്ചാവിന്റെ ബാക്കി സഹോദരന്‍ അഭില്‍ദേവിന്റെ (24) കൈവശമാണെന്ന അഖിലിന്റെ മൊഴിയെത്തുടര്‍ന്ന് എക്സൈസ് സംഘം ഇയാളെയും കൂട്ടി കാക്കാമൂലയിലെത്തി. അപ്പോഴാണു ഗുണ്ടാ സംഘം കത്തിയും മാരകായുധങ്ങളുമായി എക്സൈസിനെ ആക്രമിച്ച് അഖില്‍ദേവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്.
Post Your Comments