ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രൂപീകരിച്ച മഹാസഖ്യം ‘ഗഡ് ബന്ധന്‍’ പൊളിയുന്നതായി സൂചന. സഖ്യത്തിന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സഖ്യവുമായി മുന്നോട്ടുപോകാനില്ലെന്ന് മായാവതി ഇന്നു ചേര്‍ന്ന ബി.എസ്.പി യോഗത്തില്‍ വ്യക്തമാക്കിയെന്നാണ് സൂചന. സഖ്യം നിഷ്ഫലമായെന്നും യാദവ വോട്ടുകള്‍ ബി.എസ്.പിക്ക് കിട്ടിയില്ലെന്നും അഖിലേഷ് യാദവിന്റെ വീട്ടില്‍ നിന്നുള്ള യാദവ വോട്ടുകള്‍ പോലും ലഭിച്ചില്ലെന്നും മായാവതി വിമര്‍ശിച്ചു.
അഖിലേഷിന്റെ പിതൃസഹോദരന്‍ ശിവപാല്‍ യാദവും കോണ്‍ഗ്രസും ചേര്‍ന്ന് യാദനവ വോട്ടുകള്‍ ഭിന്നിപ്പിച്ചു. അതുകൊണ്ട് ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും- മായാവതി വ്യക്തമാക്കി. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതോടെയാണ് ലോക്‌സഭാ സീറ്റുകള്‍ പിടിക്കുന്നതിന് മായാവതിയുമായി ചേര്‍ന്ന് അഖിലേഷ് ഗത്ബന്ധന്‍ സഖ്യം രൂപീകരിച്ചത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ്, ബന്ധുക്കളായ അക്ഷയ്, ധര്‍മ്മേന്ദ്ര യാദവ് എന്നിവര്‍ പോലും പരാജയപ്പെട്ടു. ബി.എസ്.പിക്ക് 10 സീറ്റുകള്‍ വരെ ലഭിച്ചപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി അഞ്ചു സീറ്റില്‍ ഒതുങ്ങി.
സഖ്യം 2022ലെ തെരഞ്ഞെടുപ്പ് വരെ തുടരുമെന്നാണ് അഖിലേഷ് പറയുന്നത്.11 നിയമസഭാ മണ്ഡലങ്ങളിലേക്ക് വന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നും മായാവതി വ്യക്തമാക്കി.യു.പിയിലെ 80 സീറ്റുകളില്‍ ബി.ജെ.പി 62ല്‍ വിജയിച്ചു. അപനാദര്‍ രണ്ടിലും ഗത്ബന്ധന്‍ സഖ്യം 15 ലുമാണ് വിജയിച്ചത്. ഒരു സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചിരുന്നു. 11 എം.എല്‍.എമാര്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നേരിടുന്നത്. എം.എല്‍.എസ്ഥാനം രാജിവച്ചവരില്‍ ഒമ്പത് പേര്‍ ബി.ജെ.പിയും രണ്ട് പേര്‍ ബി.എസ്.പിയുമാണ്.
Post Your Comments