KeralaLatest News

നിപ: വ്യാജപ്രചരണങ്ങള്‍ വേണ്ട, യഥാര്‍ത്ഥ വസ്തുതകള്‍ അറിയാന്‍ ഈ മാര്‍ഗങ്ങള്‍

 

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയം. അതേസമയം വിദ്യാര്‍ത്ഥിക്ക് നിപ ബാധയാണെന്ന സംശയമുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു. ‘നിപ’ ബാധ സ്ഥിരീകരിച്ചാല്‍ എടുക്കേണ്ട എല്ലാ സജ്ജീകരണങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ‘നിപ’ ഉണ്ടോ എന്ന കാര്യം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം കൂടി വന്ന ശേഷം മാത്രമേ പറയാനാകൂ. എന്നാല്‍ ഇതേക്കുറിച്ച് വ്യാജപ്രചാരണങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുകയല്ല, ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നാണ് ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നത്.

അതേസമയം, ‘നിപ’ സ്ഥിരീകരണം സംബന്ധിച്ച് പൊതുജനങ്ങളുമായി സംസാരിക്കാന്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. എല്ലാ സ്ഥിരീകരിച്ച വിവരങ്ങളും സംസ്ഥാനസര്‍ക്കാര്‍ കൃത്യമായി പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ കണ്ട് പരിഭ്രാന്തരാകുന്നതിന് പകരം ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജോ, ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ പേജോ കൂടാതെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്, ട്വിറ്റര്‍ ഹാന്‍ഡില്‍, എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജ് എന്നിവ സന്ദര്‍ശിച്ച് വിവരങ്ങള്‍ ഉറപ്പുവരുത്താം.

കെ കെ ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. നിപ വൈറസ് ബാധയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണ്.

ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കോണ്ടാക്ട് ട്രെയിസിങ്ങിനുള്ള നടപടികളടക്കം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കളക്ടറുടേയും നേതൃത്വത്തില്‍ എറണാകുളത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങള്‍ നടത്താതിരിക്കുക. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവര്‍ക്കും അവബോധം ഉണ്ടാകേണ്ടതാണ്. കഠിനമായ ചുമയും പനിയും ഉണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കരുത്. എത്രയും പെട്ടന്ന് ചികിത്സ തേടണം.

കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കുകയും നേരിയ രോഗലക്ഷണങ്ങളെങ്കിലും ഉണ്ടാകുമ്പോള്‍ രോഗിയെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. തുടര്‍ന്നും നല്ല ജാഗ്രത പുലര്‍ത്തേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button