ദുബായ്: പെരുന്നാൾ അടുത്തതോടെ യുഎഇയിലെങ്ങും വൻ തിരക്ക്. വിപണികൾ, ബാങ്കുകൾ, വിമാനത്താവളങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റമസാൻ–പെരുന്നാൾ പ്രമാണിച്ച് മിക്ക മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും വൻ വിലക്കിഴിവും ഓഫറുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാർജയിൽ 75% വരെയാണ് വിലക്കിഴിവ്. പൊതുമേഖലയ്ക്കും വിദ്യാലയങ്ങൾക്കും പെരുന്നാൾ അവധി ആരംഭിച്ചതിനാൽ മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും രാവിലെ മുതൽ തന്നെ തിരക്കനുഭവപ്പെടാൻ തുടങ്ങിയിരുന്നു.
പെരുന്നാൾ അവധിയാഘോഷിക്കാൻ ഇന്ത്യയടക്കമുള്ള നാടുകളിലേയ്ക്ക് പോകുന്ന പ്രവാസികളും വലിയ തോതിൽ സാധനങ്ങൾ വാങ്ങുന്നുണ്ട്. അബുദാബിയിലെ മാളുകളിലും വ്യവസായ മേഖലകളിലും 24 മണിക്കൂർ മെഗാ സെയിൽസും 90% വരെ വിലക്കുറവും ഏർപ്പെടുത്തി. യുഎഇയിലെ പണമിടപാടു സ്ഥാപനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ മണി എക്സ്ചേഞ്ചുകൾക്ക് മുൻപിൽ വെള്ളിയാഴ്ച മുതൽ വലിയ നിരകളാണ് പ്രത്യക്ഷപ്പെടുന്നത്. യുഎഇയിലെ രാജ്യാന്തര വിമാനത്താവളങ്ങളിലും തിരക്കനുഭവപ്പെടുന്നുണ്ട്. പെരുന്നാളിന് യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വിനോദ കലാ പരിപാടികളും കരിമരുന്ന് പ്രയോഗവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇൗ മാസം ആറിന് കൾചർ ആൻഡ് ടൂറിസം വിഭാഗം അബുദാബി നാഷനൽ എക്സിബിഷൻ സെൻ്ററിൽ ഹലാ ബിൽ ഖലീജ് എന്ന സംഗീത പരിപാടി ഒരുക്കും.
Post Your Comments