പാലക്കാട് : അസാധാരണ ഉപാധികളോടെ കാമ്പസ് അക്രമണ കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ഹൈകോടതിയുടെ മുന്‍കൂര്‍ ജാമ്യം. കേസ് അവസാനിക്കുന്നത് വരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നാണ് ഉപാധി. പാലക്കാട് നെന്‍മാറ എന്‍.എസ്.എസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരായ 14 വിദ്യാര്‍ത്ഥികള്‍ക്കാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ അസാധാരണ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
രണ്ട് കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് കലാപാന്തരീക്ഷമുണ്ടാക്കി മാരകായുധങ്ങളുമായി അക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇരുമ്പുവടി കൊണ്ട് അക്രമം നടത്തിയെന്ന് കണ്ടെത്തിയ വിദ്യാര്‍ഥികള്‍ക്കടക്കം ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കാര്യമായി എതിര്‍ത്തില്ല. പ്രതികളെല്ലാവരും 19നും 21നും ഇടയില്‍ മാത്രം പ്രായമുള്ളവരാണെന്നതും ഇവരാരും മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഇടപെട്ടവരല്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ ഈ നിലപാടെടുത്തത്.
എതിര്‍ വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെയാണ് അക്രമിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ വിനാശകരമായ പ്രവണത കാമ്പസുകളിലെ സമാധാനാന്തരീക്ഷത്തെ മലിനമാക്കുകയാണ്, ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാലും സംഘടനാ പ്രവര്‍ത്തനം തുടരാന്‍ ഇവരെ അനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, നിലവിലെ കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ഈ വിദ്യാര്‍ഥികളെ വിലക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ജാമ്യ ഉപാധികളിലൊന്നായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാമ്പസിനകത്ത് തുടരാന്‍ അനുവദിച്ചാല്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Post Your Comments