ചെന്നൈ: മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധിതമാക്കുന്നതിനുള്ള കേന്ദ്രനീക്കത്തിനെതിരേ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. രാജ്യത്തു പുതിയ വിദ്യാഭ്യാസം നയം നടപ്പാക്കാന്‍ രണ്ടാം മോഡി സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പിന്നാലെയാണ് പ്രതിഷേധം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളിലും വന്‍ പ്രചാരണമാണു നടക്കുന്നത്. പുതിയ മാനവശേഷി മന്ത്രിക്കു കഴിഞ്ഞദിവസം സമര്‍പ്പിച്ച ദേശീയവിദ്യാഭ്യാസ നയത്തിന്റെ കരടുറിപ്പോര്‍ട്ടിലെ പരാമര്‍ശമാണു തമിഴരുടെ ഭാഷാവികാരം വീണ്ടും തൊട്ടുണര്‍ത്തിയിരിക്കുന്നത്.
1968 മുതല്‍ ഒരു വിഭാഗം സ്‌കൂളുകളില്‍ നടപ്പാക്കിയ ഭാഷാത്രയ ഫോര്‍മുല തുടരണമെന്ന് ഐ.എസ്.ആര്‍.ഒ. മുന്‍ മേധാവി കൃഷ്‌ണസ്വാമി കസ്‌തൂരി രംഗന്‍ അധ്യക്ഷനായുള്ള സമിതിയാണു കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ ഉള്ളടക്കം പുറത്തുവന്നതോടെ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതു നിര്‍ത്തണമെന്ന ഹാഷ്‌ടാഗില്‍ പതിനായിരക്കണക്കിനാളുകളാണു പങ്കാളികളായിരിക്കുന്നത്.
ഹിന്ദി പഠിപ്പിക്കണമെന്നു നിര്‍ദേശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.എ. ശെങ്കോട്ടയ്യന്‍ പ്രതികരിച്ചു.
തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ തമിഴും ഇംഗ്ലീഷും മാത്രമേ പഠിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്‌തമാക്കി. ഡി.എം.കെ. നേതാവ് കനിമൊഴി, എ.എം.എം.കെ. നേതാവ് ടി.ടി.വി. ദിനകരന്‍, എം.ഡി. എം.കെ. നേതാവ് വൈകോ തുടങ്ങിയവരും ശക്‌തമായി എതിര്‍പ്പുമായി മുന്നോട്ടു വന്നു.താന്‍ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആരും ഒന്നും അടിച്ചേല്‍പ്പിക്കരുതെന്നും ഏതു ഭാഷ പഠിക്കണമെന്നതു വ്യക്‌തിപരമാണെന്നും നടന്‍ കമല്‍ഹാസന്‍ പറഞ്ഞു.
അതെ സമയം കേന്ദ്ര മാനവശേഷി മന്ത്രാലയം തയാറാക്കിയതു ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടു മാത്രമാണെന്നും ഹിന്ദി സംസാരിക്കാത്ത സംസ്‌ഥാനങ്ങളില്‍ അതിനെ മൂന്നാം ഭാഷയാക്കി അടിച്ചേല്‍പ്പിക്കാന്‍ തീരുമാനമില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. ഒരു ഭാഷയും ആര്‍ക്കുംമേല്‍ അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ലെന്നും ജാവ്‌ദേക്കര്‍ പ്രതികരിച്ചു.
Post Your Comments