Latest NewsArticleKerala

സിദ്ധിയെ കുബുദ്ധി കൊണ്ടു നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന പാഴ്ജന്മങ്ങള്‍

അഞ്ജു പാര്‍വതി പ്രഭീഷ്‌

സ്വന്തമായ രാഷ്ട്രീയാഭിരുചിയുടെ പേരിലോ രാഷ്ട്രിയപരമായ നിലപാടുകളുണ്ടായതിന്റെ പേരിലോ രാഷ്ട്രീയം പരസ്യമായി പറഞ്ഞതിന്റെ പേരിലോ,എന്തിന് സ്വതന്ത്രമായി വ്യക്തിപരമായ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലോ സൈബറിടങ്ങളിൽ കരിവാരിത്തേയ്ക്കലിനും അപഹാസ്യത്തിനും പാത്രമായ മലയാളചലച്ചിത്രതാരങ്ങളുടെ പട്ടികയിൽ വിനായകനും ഇടംനേടുന്നു. മോഹൻലാൽ, സുരേഷ്ഗോപി, ബിജുമേനോൻ, പാർവ്വതി, ഫഹദ്, മധുപാൽ തുടങ്ങിയവരൊക്കെ സൈബറിടത്തിലെ തെളിഞ്ഞും മറഞ്ഞുമുള്ള ആക്രമണങ്ങൾക്കിരയായവരാണ്.ഒരേ സമയം പ്രബുദ്ധരെന്ന് അഹങ്കരിക്കുകയും ഒപ്പം സംസ്കാരശൂന്യരെന്നും വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും തെളിയിക്കുന്നവരാണ് മലയാളികൾ.സൈബറിടങ്ങളിലെ തെറിയും വംശീയാധിക്ഷേപങ്ങളും വെർബൽ റേപ്പും ബോഡിഷെയിമിങ്ങും മാത്രം മതി മനോവൈകൃതങ്ങളെ ഭംഗിയായി ഒളിപ്പിച്ചു വച്ചിരിക്കുന്ന മലയാളിയെ തിരിച്ചറിയാൻ!സൈബറിടങ്ങളിൽ നടന്നുക്കൊണ്ടിരിക്കുന്ന ഇത്തരം ആക്രമണങ്ങൾക്ക് മൊത്തത്തിലൊരു രാഷ്ട്രീയമുണ്ട്!അതിൽ മാത്രമൊരു ഐക്യവും സമവായവുമുണ്ട്.ആ വിശാലമായ ഐക്യത്തിൽ ഫാൻസുകാരും ആചാരസംരക്ഷകരും സദാചാരസംരക്ഷകരും രാഷ്ട്രീയശരികളുടെ അപ്പോസ്തലന്മാരും കൈകോർത്തുപിടിച്ച് സമത്വസുന്ദരകേരളം സൃഷ്ടിക്കുന്നുണ്ട്.

mohanlal modi

മോദിയെന്ന രാഷ്ട്രീയനേതാവിനെ അംഗീകരിച്ചുക്കൊണ്ട് ബ്ലോഗെഴുതിയതിന്റെ പേരിൽ മലയാളത്തിന്റെ നടനവിസ്മയം നേരിട്ട അവഹേളനത്തിനും അപഹാസ്യത്തിനും കയ്യും കണക്കുമില്ല.അദ്ദേഹം അഭിനയിച്ച ചില സിനിമകളിലെ കഥാപാത്രങ്ങളെ മുൻനിറുത്തി സവർണ്ണതയുടെ ആൾരൂപമാക്കി ചിത്രീകരിക്കാൻ സിനിമാക്കാർക്കിടയിലെ രാഷ്ട്രീയമേലാളന്മാർ വരെ മുന്നിൽ നിന്നതും വിസ്മരിക്കാൻ വയ്യ.എന്നിട്ടെന്തുണ്ടായി?അപഹാസ്യത്തിന്റെ ചാപ്പക്കുത്തലുകൾക്ക് അദ്ദേഹത്തിലെ കലാകാരനെ സ്പർശിക്കാൻ കഴിഞ്ഞോ?പത്തരമാറ്റോടെ സൂര്യതേജസ്സോടെ നൂറ്റമ്പതുകോടിയുടെയും ഇരുനൂറു കോടിയുടെയും മണികിലുക്കം മലയാളസിനിമയ്ക്ക്സമ്മാനിച്ചുകൊണ്ട് മുരുകനായും ലൂസിഫറായും നിറഞ്ഞാടുന്നു അദ്ദേഹം.നാല്പതുവർഷത്തോളമാകുന്നു മലയാളം മോഹൻലാലെന്ന പേരിനെ അലങ്കരിക്കാൻ തുടങ്ങിയിട്ട്! അദ്ദേഹത്തിന്റെ രാഷ്ട്രീയമോ ജനാധിപത്യമര്യാദയോ നോക്കിയല്ല ഇക്കാലമത്രയും മലയാളികൾ നെഞ്ചോട് ചേർത്തതെന്ന സാമാന്യ പൊതുബോധം പോലുമില്ലാത്തവർ ഇനിയും അദ്ദേഹത്തെ അപഹസിച്ചുക്കൊണ്ടേയിരിക്കും.

suresh gopi

സുരേഷ്ഗോപി-രാഷ്ട്രീയ നിലപാടുകളുടെ പേരില്‍, അതും മോദിയെന്ന രാഷ്ട്രീയനേതാവിനെ പിന്തുണയ്ക്കുന്നത് കൊണ്ടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടിയിൽ ഉൾപ്പെട്ടതുകൊണ്ടും മാത്രം ഇത്രയേറെ വിമര്‍ശിക്കപ്പെട്ട,അപമാനിക്കപ്പെട്ട മറ്റൊരു സിനിമാതാരം മലയാളക്കരയിലുണ്ടോ?അടിമ ഗോപിയെന്നും പിന്‍വാതിലില്‍ കൂടി രാജ്യസഭയില്‍ പ്രവേശിച്ചവനെന്നും ഹിന്ദുത്വവാദിയെന്നും ഷിറ്റെന്നും ചാണകമെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയം മാത്രം നോക്കി മാത്രം വിമർശിച്ചവർ അദ്ദേഹത്തിലെ മാനവികതയെയും മനുഷ്യത്വത്തെയും കണ്ടില്ലെന്നു നടിച്ചതിനു പിന്നിലും രാഷ്ട്രീയതിമിരം മാത്രമായിരുന്നില്ലേ?

murali-onv

യശ:ശരീരരായ മുരളിയും ഓ.എൻ.വി കുറുപ്പ് സാറും ചെങ്കൊടിയെ പ്രതിനിധീകരിച്ച് ജനവിധി തേടിയപ്പോൾ പ്രചാരണരംഗത്ത് സജീവമായി സിനിമാരംഗത്തുള്ളവരുണ്ടായിരുന്നു. അന്ന് മറുപക്ഷത്തുള്ളവർ അവരെ ആക്ഷേപിക്കാനോ വ്യക്തിഹത്യ നടത്താനോ മുതിർത്തിരുന്നില്ല! അതായിരുന്നു ജനാധിപത്യ മര്യാദ. സോഷ്യൽമീഡിയ സജീവമായ സമയത്ത് ശ്രീ.ഗണേഷ്കുമാറും മുകേഷും ഇന്നസെന്റും അതേ പാർട്ടിയെ പ്രതിനിധീകരിച്ച് ജനവിധി തേടിയപ്പോഴും താരരാജാക്കന്മാർ സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു! അന്നത് ജനാധിപത്യപ്രക്രിയയിലെ അഭിപ്രായസ്വാതന്ത്ര്യത്തിലധിഷ്ഠിതമായ വ്യക്തിസ്വാതന്ത്ര്യമായി പ്രത്യയശാസ്ത്രത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നു!പക്ഷേ, ശ്രീ.ബിജുമേനോൻ ശ്രീ.സുരേഷ്ഗോപിയെ പിന്തുണച്ച് വോട്ടഭ്യർത്ഥിച്ചപ്പോൾ അത് വർഗ്ഗീയതയുടെ പ്രതീകമായി മാറ്റുകയും അതുവരെ പരാമർശവിഷയമല്ലാതിരുന്ന മേനോൻ വാൽ ശ്രദ്ധാകേന്ദ്രവും സവർണ്ണതയുടെ അടയാളപ്പെടുത്തലാവുകയും ചെയ്തു. ശ്രീ.ബിജു മേനോനെതിരെയുള്ള ഈ സൈബർ ആക്രമണം കേരളം എത്ര അപകടകരമായ അവസ്ഥയിലാണ് എന്നതിന്റെ ചെറു ഉദാഹരണം മാത്രമായിരുന്നു. സ്വന്തം സഹപ്രവർത്തകനെ പിന്തുണച്ചതുക്കൊണ്ട് മാത്രം ബിജുമേനോനെ ശത്രുപക്ഷത്തു പ്രതിഷ്ഠിച്ചവരാണ് ഫാസിസം ഫാസിസമെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം മുറവിളി കൂട്ടി അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചവരെന്നതാണ് ഏറ്റവും വലിയ ഫലിതം! അവരാണ് ഇന്ന് വിനായകനായി രംഗപ്രവേശനം ചെയ്തവരിൽ ഏറിയപങ്കുമെന്നതും ചേർത്തു വായിക്കണം.

Madhupal

ജനാധിപത്യ പ്രക്രിയയിൽ ചോദ്യം ചെയ്യാൻ ഭയപ്പെടുന്ന ഒരു കാലം നമ്മുടെ മരണമാണെന്ന് പറഞ്ഞ മധുപാലിനോട് എന്നാൽ പോയി ആത്മഹത്യ ചെയ്യൂ,ആദരാഞ്‌ജലി എന്നിങ്ങനെ മറുപടിയും ഭീഷണിയും മുഴക്കിയവരിലെ നീലകുറുക്കൻ മറനീക്കി പുറത്തു വന്ന കാഴ്ചയും സൈബർമീഡിയ കാട്ടിത്തന്നു. അത്തരക്കാർ പറയാതെ പറഞ്ഞത്. ജനാധിപത്യപ്രക്രിയയിൽ ചോദ്യങ്ങൾ സാദ്ധ്യമല്ലെന്നും നിലവിൽ ഏകാധിപത്യഭരണമാണെന്നുമായിരുന്നു.
ഇവിടെയായിരുന്നു ശ്രീ.മധുപാലെന്ന എഴുത്തുകാരന്റെ അഥവാ രാഷ്ട്രബോധമുള്ള പൗരന്റെ വിജയം.അദ്ദേഹം രാഷ്ട്രീയാടിമകളുടെ മനോവൈകൃതങ്ങളെ തുറന്നുകാട്ടുന്നതിൽ നൂറുശതമാനം വിജയിച്ചിരിക്കുന്നു.

ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ സോഷ്യൽമീഡിയ പാക്കിസ്ഥാനിലേയ്ക്ക് പോകാൻ ടിക്കറ്റ് വരെയെടുത്ത സിനിമാക്കാരനാണ് ശ്രീ.ഫഹദ് ഫാസിൽ.ദേശീയ അവാർഡ് പുരസ്കാരചടങ്ങിൽ പങ്കെടുക്കാത്തതിലെ അമർശം സൈബറിടത്തിലെ ഒളിപ്പോരാളികൾ തീർത്തത് മതം തുറുപ്പുചീട്ടാക്കിക്കൊണ്ടുതന്നെയായിരുന്നു. ഫഹദ് സിനിമകളെ ബഹിഷ്കരിക്കാനുളള സൈബർ പോരാളികളുടെ ആഹ്വാനത്തെ കണ്ണുകളിൽ അഭിനയചാരുത ഒളിപ്പിച്ചുവച്ച ആ നടൻ നേരിട്ടത് തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം റിലീസ് ചെയ്ത വരത്തനും ഞാൻ പ്രകാശനും കുമ്പളങ്ങി നൈറ്റ്സും മെഗാഹിറ്റുകളാക്കി കൊണ്ടായിരുന്നു.

fahad

നിലപാടുകളെ ജ്വാലകളാക്കിയ അഭിപ്രായ പ്രകടനം നടത്തിയതുക്കൊണ്ടും ആണത്തത്തിന്റെ ധാർഷ്ട്യത്തെ ചെറുത്തതുക്കൊണ്ടും ഡിഗ്രേണ്ടിങ്ങ് നേരിട്ട നായികയായിരുന്നു പാർവ്വതി തിരുവോത്ത്.എന്തിലും ഏതിലും സ്വന്തം നിലപാടുള്ള പെണ്ണൊരുത്തി.ബഹിഷ്കരണമെന്ന മൂന്നാംകിട ആയുധത്തെ അവർ നേരിട്ടത് അഭിനയസിദ്ധിക്കൊണ്ടായിരുന്നു.ഇന്ന് അഭിനയതികവിന്റെ വളരെ “ഉയരെ”എത്തിനില്ക്കുന്ന അവർക്കു മുന്നിൽ നിലംപരിശായി കിടക്കുന്നത് സൈബർ തൊഴിലാളികളാണ്.

നാം പൊത്തിയ പൊക്കാളിക്കര
എങ്ങേപോയ് പൊന്നച്ഛാ?
നീവാരിയ ചുടുചോറൊപ്പം
വെന്തേപോയ് പൊന്‍മകനേ
അക്കാണും മാമലയൊന്നും
നമ്മുടേതല്ലെന്മകനെ
ഇക്കായൽ കയവുംകരയും
ആരുടേം.. അല്ലെൻ മകനേ!

ഈ വരികളും കമ്മട്ടിപ്പാടമെന്ന സിനിമയും ഒരു ഓര്‍മ്മപ്പെടുത്തലാണ്. നമ്മള്‍ പുളച്ചു മദിക്കുന്ന അഹങ്കാര സൌധങ്ങള്‍ക്ക് കീഴെ നിരവധി കമ്മട്ടിപ്പാടങ്ങളുണ്ടെന്ന ഓർമ്മപ്പെടുത്തൽ! നടൻ വിനായകന്റെ അസാമാന്യപ്രതിഭകൊണ്ട് അവിസ്മരണീയമാക്കിയ ഗംഗ ഇന്നും മലയാളികളുടെ നെഞ്ചിലെ നീറ്റലായുണ്ട്.
എതിര്‍ക്കേണ്ടിയിടത്ത് എതിര്‍ക്കുകയും പറയാനുള്ളിടത്ത് പറഞ്ഞും ശീലിച്ച ഒരു പച്ചയായ മനുഷ്യന്റെ നേർക്കാണ് ഇപ്പോഴത്തെ സൈബർ ആക്രമണം.ഇവിടെ അദ്ദേഹത്തിനെതിരെ നടക്കുന്ന ജാതീയമായ അധിക്ഷേപങ്ങളോരോന്നും അടക്കിവച്ച സവർണ്ണമേധാവിത്വത്തിന്റെ ബാക്കിപത്രങ്ങളാണ്.ഒപ്പം ബോഡിഷെയ്മിങ്ങിന്റെ അങ്ങേയറ്റത്തെ പരാമർശങ്ങളും. നായകത്വത്തിന്റെ നടപ്പുരീതികളുടെ പൊളിച്ചെഴുത്തായിരുന്നു കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രം.അത്തരത്തിലൊരു പൊളിച്ചെഴുത്ത് നടത്തിയ വിനായകനെന്ന അഭിനയപ്രതിഭയ്ക്ക് ഈ ഡിഗ്രേണ്ടിങ്ങും ബഹിഷ്കരണവുമൊന്നും ഏശാനെ പോകുന്നില്ല!അഭിനയകലയുടെ തലതൊട്ടപ്പനായി വിനായകൻ മാറുമെന്ന കാര്യത്തിൽ സംശയമേ വേണ്ട!

vinayakan

ഇന്ത്യയെന്നജനാധിപത്യരാജ്യത്ത് Freedom of expressonനു വിലക്കില്ലാത്തിടത്തോളം അഭിപ്രായപ്രകടനങ്ങൾ നടത്തുവാൻ ഏതൊരു പൗരനും അവകാശമുണ്ട്.അതിനെ വിമർശിക്കാനും അംഗീകരിക്കാനും മറ്റുള്ളവർക്കും അവകാശമുണ്ട്.ആ വിമർശിക്കാനുള്ള അവകാശത്തിനു പക്ഷേ സഭ്യതയുടെ അതിരുകൾ ലംഘിക്കാൻ അവകാശമൊട്ടില്ല താനും.അതുകൊണ്ട് തന്നെ കലയെന്ന രാഷ്ട്രീയവും സിദ്ധിയെന്ന പ്രത്യയശാസ്ത്രവും പ്രതിഭയെന്ന മതവുമുള്ള കലാകാരന്മാർക്ക് വെറുപ്പിന്റെ രാഷ്ട്രം പടുത്തുയർത്തുന്ന ഒരു മൈക്രോന്യൂനപക്ഷത്തിന്റെ ജല്പനങ്ങൾ വെറും ജലരേഖകൾ മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button