ഇത് തന്റെ അവസാന ലോകകപ്പായിരിക്കും എന്ന സൂചനകള്‍ നല്‍കിയാണ് ക്രിസ് ഗെയില്‍ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. പക്ഷെ, ആ തീരുമാനത്തെയും പ്രായത്തെയും വെല്ലുന്ന പ്രകടനമായിരുന്നു ഇന്നലെ പാകിസ്താനെതിരായ മത്സരത്തില്‍ ഗെയിലില്‍ നിന്നും വന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരം എന്ന റെക്കോഡ് ഇനി ഗെയിലിന് സ്വന്തം.
ലോകകപ്പുകളിലെ തന്റെ മുപ്പത്തിയൊമ്പതാം സിക്‌സും പറത്തി മിസ്റ്റര്‍ 360 എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലേഴ്‌സിനെ മറികടന്നു. ഡിവില്ലിയേഴ്സ് ലോകകപ്പില്‍ നേടിയത് 37 സിക്സ് ആണ്. മൂന്നാമതുള്ള മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിങ് നേടിയത് 31 സിക്സ് ആണ്.
പാകിസ്താനെതിരായ മത്സരത്തില്‍ 34 പന്തുകളില്‍ നിന്നും 50 റണ്‍സ് അടിച്ചെടുത്ത ക്രിസ് ഗെയില്‍ തന്റെ കരിയറിലെ അമ്പത്തിരണ്ടാമത്തെ അര്‍ദ്ദസെഞ്ച്വറിയാണ് കുറിച്ചത്. പ്രായം തളര്‍ത്താത്ത ഈ കരീബിയന്‍ പോരാളി തന്റെ അവസാന ലോകകപ്പ് മികച്ച രീതിയിലാണ് തുടങ്ങിയത് എന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രതീക്ഷയേകുന്നു.
Post Your Comments