തിരുവനന്തപുരം: മകളുടെ പേരിൽ വഴിപാടുകൾ നടത്താനാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ ബാലഭാസ്‌കറും ഭാര്യയും കുഞ്ഞും പോയത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 24നാണ് അവര്‍ യാത്ര തിരിച്ചത്. പിറ്റേന്നേ അവിടെ നിന്ന് മടങ്ങുകയുള്ളുവെന്നു പറഞ്ഞാണ് പോയതെന്ന് പിതാവ് ഉണ്ണി പറഞ്ഞു. അവിടെ താമസിക്കാനായി നേരത്തെ റൂമും ബുക്ക് ചെയ്തിരുന്നു. ക്ഷേത്രദര്‍ശനവും വഴിപാടുകളും കഴിഞ്ഞ് റൂമിലെത്തിയ ബാലുവിന് ഒരു ഫോണ്‍ വന്നെന്നും അതിനുശേഷമാണ് അന്ന് തന്നെ പുറപ്പെടാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ എവിടെ പോയാലും രാത്രി വിളിക്കാറുണ്ട്.
ക്ഷേത്രത്തില്‍ പോവുകയാണെന്ന് നേരത്തെ പറഞ്ഞിരുന്നതിനാല്‍ പരസ്പരം ആരും വിളിച്ചതുമില്ല. ദര്‍ശനം കഴിഞ്ഞെത്തിയ ബാലുവിനെ ഫോണില്‍ വിളിച്ചത് പാലക്കാട്ടെ വിവാദ ഡോക്ടറുടെ ഭാര്യയാണ്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് നേരെ വീട്ടില്‍ പോകണമെന്നും ഇല്ലെങ്കില്‍ വഴിപാടിന് ഫലമുണ്ടാകില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞതെന്നാണ് തനിക്ക് ലഭിച്ച വിവരം. ഈ വാക്കു വിശ്വസിച്ച ബാലു പെട്ടെന്ന് വീട്ടിലേക്കു മടങ്ങി. അവനെ മരണത്തിലേക്കു തള്ളിവിടാനായിരുന്നു ഡോക്ടറുടെ ഭാര്യയുടെ ശ്രമമെന്നും ഉണ്ണി ആരോപിച്ചു.
ബാലഭാസ്‌കറിന്റെ മരണത്തെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുക ഭാര്യ ലക്ഷ്മിക്ക് ലഭിച്ചിരുന്നു. ഞങ്ങള്‍ക്ക് അതില്‍ നിന്ന് ഒരു രൂപ പോലും വേണ്ട. എങ്കിലും അച്ഛനെന്ന പരിഗണന വച്ച് അവന്റെ പേരില്‍ തുക ലഭിച്ചുവെന്ന് ഒരു വാക്ക് പറയാമായിരുന്നു, അതുണ്ടായില്ല. ഒരുപക്ഷേ, ഡോക്ടറുടെ ട്രാപ്പില്‍ ലക്ഷ്മി പെട്ടിരിക്കാം. അല്ലാതെ അവള്‍ അങ്ങനെ ചെയ്യുന്നതല്ല. ബാലുവിനെപ്പോലെ തന്നെയായിരുന്നു എനിക്ക് അവളും. വിവാഹത്തിന് ആദ്യം എതിര്‍ത്തെങ്കിലും സുഹൃത്തുക്കളുടെ ഇടപെടലോടെ അത് നടത്തിക്കൊടുത്തു. അതിനു ശേഷം അവളോട് യാതൊരു ഭാവവ്യത്യാസവും ഞങ്ങള്‍ കാട്ടിയിട്ടില്ല.
ബാലു ലക്ഷ്മിയെ വഴക്കുപറഞ്ഞാല്‍ ഞാന്‍ അത് വിലക്കിയിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു. ബാലുവിന്റെ മരണശേഷം ഡോക്ടറും ഭാര്യയും ലക്ഷ്മിയുടെ വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. അതാകാം എന്നെപ്പോലും അവിടെനിന്ന് ഇറക്കിവിടാന്‍ അവര്‍ ധൈര്യം കാട്ടിയതെന്നും ഉണ്ണി പറയുന്നു.
Post Your Comments