ബുഡാപെസ്റ്റ് : ഹംഗറിയിലെ ഡാന്യൂബ് നദിയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള 21 വിനോദ സഞ്ചാരികളെയാണ് കാണാതായത്. അപകടത്തില്‍ ഏഴ് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച ഡാന്യൂബ് നദിയില്‍ വിനോദ സഞ്ചാര ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലായിരുന്നു സംഭവം.
കനത്ത മഴയില്‍ മറ്റൊരു ടൂറിസ്റ്റ് ബോട്ടുമായി കൂട്ടി ഇടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയ് ഇന്‍ പറഞ്ഞു. ഹംഗേറിയന്‍ ഗവണ്‍മെന്റുമായി ചേര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ കെറിയന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയില്‍ നിന്നുള്ള 32 വിനോദസഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡും രണ്ട് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇത് വരെ ഏഴ് പേരെ രക്ഷിച്ചിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശക്തമായ മഴയാണ് തടസ്സമാകുന്നത്. മുങ്ങല്‍ വിദഗ്ദര്‍ തിരച്ചില്‍ സംഘത്തിലുണ്ടെങ്കിലും വെള്ളത്തിനടിയില്‍ കാഴ്ച കുറവായതിനാല്‍ തിരച്ചില്‍ സാധ്യമാകുന്നില്ലെന്നാണ് ഹംഗേറിയന്‍ വിദേശകാര്യ മന്ത്രി പീറ്റര്‍ പറഞ്ഞത്.
അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതായും ഹങ്കേറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.അതേ സമയം അപകടത്തില്‍ പെട്ടവര്‍ തിരിച്ച് വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് ദക്ഷിണകൊറിയന്‍ വിനോദ സഞ്ചാരി പറഞ്ഞു. ഡാന്യൂബ് ഒരു വലിയ നദിയാണെന്നും അതിനാല്‍ മറ്റു രാജ്യങ്ങളോട് സഹായം ചോദിച്ചിട്ടുണ്ടെന്നും മൂണ്‍ ജെയ് ഇന്‍ അറിയിച്ചു.
Post Your Comments