കാൻപുർ: കെട്ടിടം തകർന്നുവീണ് ഏഴു തൊഴിലാളികൾ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ജാജ്മോയിൽ കാൻപുർ വികസന അതോറിറ്റി കോളനിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. പണിതുകൊണ്ടിരുന്ന ഏഴുനില കെട്ടിടത്തിന്റെ മുകൾനിലകളാണ് തകർന്നുവീണത്. ഈ കെട്ടിടം സമാജ്‌വാദി പാർട്ടിയുടെ പ്രാദേശിക നേതാവ് മഹ്‌താബ് ആലത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇയാൾക്കും കെട്ടിടത്തിന്റെ കരാറുകാരനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇപ്പോഴും മുപ്പതോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്ത നിവാരണസേനയും പോലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കെട്ടിടത്തിന്റെ നിർമാണത്തിലെ ചില പ്രത്യേകതകൾ കാരണമാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ താമസിക്കുന്നതെന്ന് ദേശീയ ദുരന്ത നിവാരണസേന വക്താവ് അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം, നിർമാണ പ്രവർത്തനങ്ങൾക്കായി മോശം സാധനസാമഗ്രികൾ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
Post Your Comments