കേദാര്‍നാഥ്: തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥിലെ രുദ്ര ഗുഹയില്‍ ഏകാന്ത ധ്യാനത്തിനെത്തിയത് വലിയ വാര്‍ത്തയായിരുന്നു. മെയ് 18നായിരുന്നു മോദി ഇവിടെ ഏകാന്ത ധ്യാനത്തിനെത്തിയത്. എന്നാല്‍ അവസാന ഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ധ്യാനം മോദിക്ക് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്തു എന്നുള്ള വിലയിരുത്തലുകളാണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി ഗംഭീര ജയം നേടിയതോടെ രാജ്യത്ത് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലുമേറി. ഇതോടെ മോദി ധ്യാനത്തിനെത്തിയ രുദ്ര ഗുഹയിലും തിരക്കേറുന്നു.
മോദി ധ്യാനത്തിരുന്നപ്പോള്‍ തന്നെ രുദ്ര ഗുഹയുടെ സവിശേഷതകളും പ്രത്യേകതകളും എന്താണെന്ന് അറിയാന്‍ നിരവധി പേരാണ് ഗൂഗിളിലും മറ്റും തെരഞ്ഞെത്തിയത്. എന്നാല്‍ മോദി അധികാര തുടര്‍ച്ച നേടിയതോടെ ‘രുദ്ര’യുടെ ഡിമാന്റ് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. രുദ്ര ഗുഹയുടെ ഡിമാന്റ് കൂടിയതോടെ ബുക്കിംഗ് ചാര്‍ജ്ജ് അടക്കം വര്‍ധിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഒരു ദിവസത്തേക്ക് 990 രൂപയായിരുന്ന ബുക്കിംഗ് ഇപ്പോള്‍ 1500 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കേദാര്‍ നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമിറ്റര്‍ മുകളിലാണ് ഈ ഗുഹയുള്ളത്. ഇവിടെ നിന്നും കാല്‍നടയായി നടന്നാണ് രുദ്ര ഗുഹയിലെത്തേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരം ഹിമാലയത്തില്‍ ഏകാന്ത ധ്യാനത്തിനെത്തുന്നവര്‍ക്കായാണ് ഈ ഗുഹ നിര്‍മ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. പൂര്‍ണമായും വെട്ടുകല്ലിലാണ് ഇത്് നിര്‍മ്മിച്ചിരിക്കുന്നത്. 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 1200 അടി മുകളിലാണ് രുദ്ര ഗുഹ സ്ഥിതി ചെയ്യുന്നത്.
ഒരു സാധാരണ ഗുഹയായിട്ടല്ല ഇത് നിര്‍മ്മിച്ചത്. ആധുനിക സൗകര്യങ്ങളെല്ലാം ഇതില്‍ ലഭ്യമാണ്. രാവിലത്തെ ചായ മുതലുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം അങ്ങനെ എല്ലാം ഗുഹയിലെത്തും. 24 മണിക്കൂറും ഒരു പരിചാരകന്റെ സേവനം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. മാനസികവും ശാരീരികവുമായ പരിശോധനകള്‍ക്ക് ശേഷമാകും ധ്യാനം ചെയ്യാനുള്ള അനുമതി ലഭിക്കുക. ഒരു സമയം ഒരാള്‍ക്ക് മാത്രമേ ധ്യാനത്തിന് അവസരമുണ്ടാകു. ഗുഹയ്ക്കകത്ത് ടെലഫോണ്‍, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ടാകും.
Post Your Comments