Latest NewsNewsIndia

പ്രത്യേക മുറി വേണ്ട, കാവിയുടുത്ത് ധ്യാനമണ്ഡപത്തില്‍ നിലത്തിരുന്ന് മോദി, രാത്രി കുടിച്ചത് ചൂടുവെള്ളം മാത്രം

കന്യാകുമാരി : വിവേകാനന്ദ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം തുടരുകയാണ്. 45 മണിക്കൂര്‍ ധ്യാനം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് തുടങ്ങിയത്.

കാവി വസ്ത്രം ധരിച്ചാണു ധ്യാനത്തിലിരിക്കുന്നത്. രാത്രി ചൂടുവെള്ളം മാത്രമാണ് പ്രധാനമന്ത്രി കുടിച്ചത്. പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. ധ്യാനമണ്ഡപത്തില്‍ നിലത്താണ് പ്രധാനമന്ത്രി രാത്രി കഴിച്ചുകൂട്ടിയത്. പുലര്‍ച്ചെ സൂര്യോദയം കണ്ടശേഷം പ്രാര്‍ഥനയിലേക്ക് കടന്നു.

നാളെ ഉച്ചയ്ക്കു ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി ഡല്‍ഹിക്കു മടങ്ങും. കരയിലും കടലിലും കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. നാവിക സേനയുടെ സുരക്ഷാ ബോട്ടുകള്‍ സ്മാരകത്തെ ചുറ്റിക്കറങ്ങി. കോസ്റ്റ് ഗാര്‍ഡിന്റെ 2 കപ്പലുകളും കടലില്‍ പരിശോധനയ്ക്കായി ഉണ്ട്. കരയില്‍ രണ്ടായിരത്തിലധികം പൊലീസുകാരാണ് സുരക്ഷാ ഡ്യൂട്ടിയിലുള്ളത്.

തീരത്തെ ഭഗവതി അമ്മന്‍ ക്ഷേത്ര സന്ദര്‍ശനത്തിനുശേഷമാണ് ഇന്നലെ 6 മണിക്ക് വിവേകാനന്ദ എന്ന ബോട്ടില്‍ പ്രധാനമന്ത്രി വിവേകാനന്ദ സ്മാരകത്തിലേക്കു തിരിച്ചത്. വിവേകാനന്ദ സ്മാരത്തിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.

ഇന്നലെ 5.10നു കന്യാകുമാരിയില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി ഗസ്റ്റ് ഹൗസില്‍ വസ്ത്രം മാറി വെള്ള മുണ്ടും മേല്‍മുണ്ടുമണിഞ്ഞാണു പുറത്തേക്കു വന്നത്. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂജാരിമാര്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു.

ബോട്ടില്‍ നിന്നിറങ്ങി സ്മാരകത്തിന്റെ പടവുകള്‍ കയറി ധ്യാനമണ്ഡപത്തെ വലംവച്ച ശേഷം അല്‍പനേരം പ്രാര്‍ഥനയില്‍ മുഴുകിയ പ്രധാനമന്ത്രി 7ന് താല്‍ക്കാലിക പാലത്തിലൂടെ നടന്ന് സമീപത്തെ തിരുവള്ളുവര്‍ പ്രതിമയ്ക്കു മുന്നിലെത്തി പുഷ്പാര്‍ച്ചന നടത്തി. വിവേകാനന്ദ സ്മാരകത്തിലേക്കു തിരികെയെത്തി ഏഴരയോടെ ധ്യാനം തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button