ലക്നൗ•അമേത്തിയില്‍ മുന്‍ ഗ്രാമ മുഖ്യനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുമായ സുരേന്ദ്ര സിംഗിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജാമോ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് വാസിം എന്നയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പിനിടെ കാലിന് പരിക്കേറ്റ ഇയാളെ ജാമോ സി.എച്ച്.സി ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനാക്കിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഇയാള്‍ കഴിയുന്ന ആശുപത്രിയില്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ആരെയും ഇയാളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ആ.എസ്.പി ദയാ റാം ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സുരേന്ദ്ര സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തതായും ഇവരില്‍ നാല് പേരെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചതായും ദയാ റാം പറഞ്ഞു. വ്യക്തി വൈര്യാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമചന്ദ്ര, ധര്‍മനാഥ്, നസീം എന്നീ പ്രതികളെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
മേയ് 25 ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സുരേന്ദ്ര സിംഗ് വീട്ടില്‍ വച്ച് ആക്രമിക്കപ്പെട്ടത്. പിന്നീട് ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
സുരേന്ദ്ര സിംഗിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സ്മൃതി ഇറാനി അമേത്തിയില്‍ പഞ്ഞെത്തിയിരുന്നു. കൊലപാതകികള്‍ക്ക് വധശിക്ഷ ലഭിക്കാന്‍ വേണമെങ്കില്‍ സുപ്രീംകോടതി വരെ പോകുമെന്നും അവര്‍ പറഞ്ഞിരുന്നു.
Post Your Comments