തിരുവനന്തപുരം : കെവിന്‍ കേസില്‍ ആരോപണവിധേയനായ എസ്‌ഐ എം.എസ്.ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. എസ്‌ഐയെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. പരാതി വിശദമായി പരിശോധിച്ചു നടപടിയെടുക്കാനാണു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തികൊണ്ടാണ് തിരിച്ചെടുത്തിരിക്കുന്നത്. എറണാകുളം റെയ്ഞ്ച് ഐജി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയിരുന്നു. ഷിബുവിനെ ഇടുക്കിയിലേക്കാകും നിയയമിക്കുക. ഷിബു നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐ ജി കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്.
സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐയോടു വിശദീകരണം തേടിയ ശേഷം വകുപ്പുതല നടപടി സ്വീകരിച്ചാണു സര്‍വീസില്‍ തിരിച്ചെടുത്തത്. സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്തതു മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചിരുന്നു. കെവിനെ കാണാതായപ്പോള്‍, പൊലീസിനെ സമീപിച്ച ഭാര്യ നീനുവിന്റെ പരാതി ഗൗരവമായി എടുത്തില്ലെന്നതായിരുന്നു ഷിബുവിനെതിരായ ആരോപണം.
Post Your Comments