കൊച്ചി : തീപിടിത്തമുണ്ടായ കൊച്ചി ബ്രോഡ് വേയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടി തുടരുന്നു. കൊച്ചി കോര്‍പറേഷന്റെ നേതൃത്വത്തിലാണ് അനധികൃത നിര്‍മാണങ്ങള്‍ നീക്കുന്നത്. അതിനിടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് സാവകാശം നല്‍കണമെന്ന് വ്യാപാരികള്‍ അധികൃതരെ അറിയിച്ചു.
ബ്രോഡ് വേയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് അനധികൃത നിര്‍മാണത്തിനും വ്യാപാരത്തിനുമെതിരായ നടപടി കോര്‍പ്പറേഷന്‍ ശക്തമാക്കിയത്. മേയര്‍ സൗമിനി ജെയിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ദിവസം നടപടി ആരംഭിച്ചത്. ഫുട്പാത്തിലേക്ക് കയറ്റിയുള്ള നിര്‍മാണങ്ങളും വ്യാപാരവും പൂര്‍ണമായി നീക്കം ചെയ്തിരുന്നു.
രേഖകള്‍ പരിശോധിച്ച് അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് തങ്ങള്‍ക്ക് സാവകാശം നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുന്നതടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മേയര്‍ വ്യക്തമാക്കിയിരുന്നു. ബ്രോഡ് വേയിലെ അനധികൃത പാര്‍ക്കിങ് അവസാനിപ്പിക്കാനുള്ള നടപടികളും ഉടന്‍ സ്വീകരിക്കും.
Post Your Comments