തൃശൂര്‍: പൂരനഗരിയായ തൃശൂരിന് അഭിമാനിക്കാന്‍ ഒരു പുത്തന്‍ പദവികൂടി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് വരുന്നതോടെ തൃശൂര്‍കാര്‍ക്ക് വീണ്ടും ഉത്സവമാണ്. പാര്‍ക്കിനുള്ള പണികളെല്ലാം പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്. ചൈനക്കാരെത്താനുള്ള കാത്തിരിപ്പിലാണിപ്പോള്‍.
പക്ഷികള്‍ക്ക് വിശാലമായി പറക്കാനുള്ള ഇടമൊരുക്കാനാണ് ചൈനക്കാരെത്തുന്നത്. ഇങ്ങനെ, പക്ഷികള്‍ക്ക് പറക്കാനുള്ള വലിയ ഇടം മുഴുവന്‍ പ്രത്യേക നെറ്റിട്ട് മറയ്ക്കും. കാഴ്ചക്കാര്‍ക്ക് പക്ഷികളെ കാണുകയും ചെയ്യാം പക്ഷികള്‍ക്ക് പറക്കാന്‍ ഇഷ്ടംപോലെ സ്ഥലവും കിട്ടും. ചൈനയിലാണ് അതി വിശാലമായ ഈ കൂടിനുള്ള ഇരുമ്പ് നെറ്റ് നിര്‍മിക്കുന്നത്. നെറ്റിടാനുള്ള കൂറ്റന്‍ പോസ്റ്റുകള്‍ ഇതിനകം പുത്തൂരില്‍ എത്തിക്കഴിഞ്ഞു.
നെറ്റിടാന്‍ ചൈനീസ് സംഘം തന്നെ വരണം. തൃശൂരില്‍ നിലവിലുള്ള മൃഗശാലയിലെ മൃഗങ്ങളെ ഒരു വര്‍ഷത്തിനകം പുത്തൂരിലേക്ക് മാറ്റും. ഇതിനായി നാല് വിശാലമായ പാര്‍പ്പിടങ്ങളുടെ അവസാന മിനുക്കുപണികള്‍ നടക്കുകയാണ്. സിംഹവാലന്‍ കുരങ്ങിനെയും കരിങ്കുരങ്ങിനെയും കാട്ടുപോത്തിനെയും പക്ഷികളെയും പാര്‍പ്പിക്കാനുള്ള സ്ഥലത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. രണ്ടാം ഘട്ടം ഉടന്‍ തുടങ്ങും. പുലിയും കടുവയും സിംഹവും മുതലയും മാനും പാര്‍ക്കേണ്ട ഇടങ്ങളാണ് രണ്ടാംഘട്ടത്തില്‍.
ജിറാഫും കരടിയും കുരങ്ങുമെല്ലാം പാര്‍ക്കേണ്ട ഇടങ്ങള്‍ മൂന്നാം ഘട്ടത്തിലും നിര്‍മിക്കും. തൃശൂര്‍ വടൂക്കര സ്വദേശിനിയായ കെ എസ് ദീപ ഐഎഫ്എസ് ആണ് പ്രൊജക്ട് ഓഫീസര്‍. 2020 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാരിന്റെ ആലോചനയെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഡ്വ. കെ രാജന്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. കാഴ്ചക്കാരുടെയും മൃഗങ്ങളുടെയും മധ്യേ അഞ്ച് മീറ്റര്‍ താഴ്ചയിലുള്ള വലിയ കിടങ്ങുകളുടെ നിര്‍മാണം പുരോഗമിക്കുകയാണിപ്പോള്‍. ഇഷ്ടിക വിരിച്ച റോഡും അതിലൂടെ ചുറ്റിസഞ്ചരിച്ച് മൃഗങ്ങളെ കാണാനാവുന്ന ഇലക്ട്രിക് കാറും ഉണ്ടാവും. നാല് കിലോമീറ്റര്‍ ദൂരത്തോളം ചുറ്റിക്കറങ്ങി മൃഗങ്ങളെ കാണാന്‍ പാകത്തിലാണ് ഇപ്പോഴത്തെ നിര്‍മാണം.
Post Your Comments