തിരുവനന്തപുരം∙ അയല്‍വാസിയായ സ്ത്രീയെ ഉപദ്രവിച്ച കേസിൽ പിടിയിലായ യുവാവിന്റെ ഭാര്യയെ പരസ്യമായി മർദിച്ച സംഭവത്തില്‍ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്‌തു. അയല്‍വീട്ടിലെ സത്രീയെയും കുട്ടികളെയും ആക്രമിച്ചുവെന്ന പരാതിയിലാണ് തിരുവല്ലം പാച്ചല്ലൂര്‍ വില്ലംചിറ സ്വദേശി അനീഷ്(25)നെ ഞായറാഴ്ച വൈകിട്ട് തിരുവല്ലം പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇതിനു പിന്നാലെ ഇയാളുടെ അമ്മയും ഭാര്യയും പൊലീസ് സ്‌റ്റേഷനിലെത്തി. ഇതിനിടയിലാണ് സംഭവം അരങ്ങേറിയത്.
എസ്ഐ അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ പുറത്തേക്ക് പോയ സമയത്ത് അനീഷ് പാറാവുകാരനെ തള്ളിമാറ്റി പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി പോലീസ് പറയുന്നു. പിന്നാലെ ഓടിയെത്തിയ പാറാവുകാരനും ഹെഡ് എസ്‌സിപിഒയും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ ഓടാതിരിക്കാനാണു കാലില്‍ ചവിട്ടിപ്പിടിച്ചതെന്നാണ് പൊലീസിന്റെ വിചിത്രവാദം. തിരുവല്ലം സ്റ്റുഡിയോ ജംക്‌ഷനിൽ റോഡില്‍ വീണു കിടക്കുന്ന അനീഷിന്റെ കാലില്‍ പൊലീസുകാരന്‍ ചവിട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ സംഭവം വിവാദമായി.
അനീഷിനെ മർദിക്കുന്നതു തടയാൻ ശ്രമിച്ച ഭാര്യക്കു നേരേയും പൊലീസ് അക്രമം അഴിച്ചു വിട്ടു. അനീഷിന്റെ കാലില്‍ ചവിട്ടുന്നത് തടഞ്ഞ ഭാര്യയെ പൊലീസ് ഉദ്യോഗസ്ഥന്‍ കാല്‍മുട്ടു മടക്കി ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ ഹെഡ്‌കോണ്‍സറ്റബിള്‍ സൈമണിനെതിരെ ഫോര്‍ട്ട് അസിസ്റ്റ്ന്റ് കമ്മീഷണര്‍ ആര്‍.പ്രതാപന്‍ നായര്‍ ഉന്നത ഉദ്യോഗസ്ഥർക്കു റിപ്പോര്‍ട്ട് നല്‍ക്കുകയായിരുന്നു.
Post Your Comments