വീണ്ടും ഒരു തെരഞ്ഞെടുപ്പ് മഹാമഹം കഴിഞ്ഞു പോയി. ജയിക്കുക മാത്രമല്ല പിന്നീട് വരുന്ന വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുക എന്നതാണ് വിജയിച്ച അധികാരത്തിലെത്തുന്നവരെ കാത്തിരിക്കുന്ന വെല്ലുവിളി. ആ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാനും അവര്‍ തയ്യാറാകുമ്പോഴാണ് തെരഞ്ഞെടുപ്പ് സാര്‍ത്ഥകമാകുന്നത്.
പതിവ് പോലെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ എല്ലാം അതെപടി നിലനില്‍ക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ഏറ്റവും പുരാതനമായ സംസ്‌കാരം എന്നൊക്കെ വീമ്പിളക്കുകയല്ലാതെ ഒരു സാധാരണ മനുഷ്യന് ജീവിതയോഗ്യമായ ഒരു അന്തരീക്ഷം ഒരുക്കിയെടുക്കാന്‍ പല തവണയായി മാറി മാറി ഭരിച്ച ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല. മെയ്ക് ഇന്‍ ഇന്ത്യ കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് കാര്യമായ ചലനം അതിന് സൃഷ്ടിക്കാനായില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം മാത്രമാണ് അധികവും പറയപ്പെട്ടത്. ഒപ്പം മോഹനമായ ഒരുപാട് വാഗ്ദാനങ്ങളും മത്സരിച്ച പാര്‍ട്ടികളെല്ലാം മുന്നോട്ട് വച്ചു. പക്ഷേ ജി ഡി പി 7 .8 ല്‍ നിന്നും 6 .5 ആയി കുറഞ്ഞതോ 6 .1 ശതമാനം ആയി വര്‍ധിച്ച തൊഴിലില്ലായ്മയോ ഈ തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ല എന്നത് നമ്മുടെ രാഷ്ട്രീയ അപചയത്തെ സൂചിപ്പിക്കുന്നു.
രാജ്യത്തിന്റെ 58 ശതമാനം സ്വത്തും കേവലം ഒരു ശതമാനം മാത്രം വരുന്ന ധനികരുടെ നിയന്ത്രണത്തിലാണ്. എന്തേ പട്ടിണിയിലും ദാരിദ്ര്യത്തിലും മുങ്ങിയ 60 ശതമാനം പ്രതികരിക്കാതിരുന്നത്? ഇന്ത്യക്കാര്‍ തന്നെ ഇന്ത്യയുടെ വില ഇടിച്ചുകളയുകയാണ്. ഏറ്റവും രാജ്യസ്നേഹം ഉള്ളവരായി സ്വയം അഭിമാനിക്കുമ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രാജ്യം എവിടെയെത്തണമെന്നതിനെക്കുറിച്ച് ആര്‍ക്കും ധാരണയില്ല. പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്നതിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അത് ആവശ്യമാണ് താനും. എന്നാല്‍ വെല്ലുവിളിച്ചും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയും രാജ്യത്തിന്റെ കരുത്ത് സൂചിപ്പിക്കപ്പെടുമ്പോള്‍ മാത്രമല്ല ദേശീയതയില്‍ നാം ആവേശം കൊള്ളേണ്ടത്. വര്‍ഷങ്ങളായി നമ്മുടെ പുരോഗതി മന്ദീഭവിക്കുകയാണെന്നും അതില്‍ മാറ്റമുണ്ടാകണമെന്നും വിജയിച്ചവരും തോറ്റവരുമായ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഓര്‍ക്കണം. അതിനുള്ള സംയുക്തമായ പ്രവര്‍ത്തനം എല്ലാവരില്‍ നിന്നും ഉണ്ടാകുകയും വേണം.
സൂര്യന് കീഴിലുള്ളതെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് നമ്മുടെ സോഷ്യല്‍മീഡിയകളില്‍. എന്നാല്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോ വികസനത്തെക്കുറിച്ചോ കാര്യക്ഷമമായ ചര്‍ച്ചകളില്ല. പകരം പരസ്പരം അവഹേളിക്കാനും സ്വന്തം മഹത്വം വിളിച്ചുപറയാനുമാണ് പലരും ഇത് ഉപയോഗിക്കുന്നത്. രാജ്യം ഡിജിറ്റല്‍ ആകുമ്പോഴും അടിസ്ഥാന വികാസങ്ങളെ പറ്റി നാം മറന്നു പോകുന്നു. ലോകപ്രശസ്ത ടോയ് നിര്‍മാതാക്കളായ ഹാംലീസില്‍ മുകേഷ് അംബാനി വാന്‍ നിക്ഷേപം നടത്തി . ഏവിയേഷന്‍ രംഗത്ത് ഒരു മുന്‍ പരിചയവും ഇല്ലാത്ത അദ്ദേഹത്തിന്റെ സഹോദരന്‍ അനില്‍ അംബാനിക്ക് റാഫേല്‍ കരാര്‍ നല്‍കി തുടങ്ങിയ കാര്യങ്ങളില്‍ വസ്തുനിഷ്ഠമായ വിലയിരുത്തലും വിമര്‍ശനവും വന്നുപോയെന്ന് മാത്രം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ കെട്ടുകെട്ടിച്ചു എന്ന് പറയുമ്പോഴും കൊളോണിയല്‍ ചിന്താഗതിയില്‍ നിന്നും ഇന്നും നമ്മള്‍ രക്ഷപെട്ടിട്ടില്ല. മുതലാളിത്തത്തോട് സൗഹൃദം ഉള്ളില്‍ പേറുന്ന കപട സോഷ്യലിസമാണ് ഇന്ത്യക്കാര്‍ക്കു ഇപ്പോഴും മുഖമുദ്ര.
രാജ്യത്തെ മാധ്യമങ്ങളുടെ കാര്യമെടുത്താലും ഏതെങ്കിലും മന്ത്രിയുടെയോ, ആളുകളുടെയോ വിവാദപരാമര്‍ശങ്ങള്‍ക്കാണ് അവ പ്രാധാന്യം നല്‍കുന്നത്. നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം എന്നത് സങ്കല്‍പ്പം മാത്രമായി ഒതുങ്ങുകയാണ്. നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശ് പോലും യു എന്‍ ഡി പി യുടെ പല കണക്കിലും നമ്മെക്കാള്‍ മുന്‍പന്തിയിലാണ്. പഴയ പ്രതാപങ്ങളില്‍ അഭിരമിച്ചിരിക്കാതെ പുതിയ വഴികള്‍ വെട്ടി പടുക്കുകയാണ് നാം വേണ്ടത്. അതിനു രാജ്യത്തെ കേവലം വര്‍ഗീയ ഭൂമി എന്ന് കാണാതെ, ഇനിയും ലോകത്തിനു മുന്‍പില്‍ കാണിക്കാവുന്ന അനേകം കണ്ടുപിടുത്തങ്ങളുടെ വിളനിലമായി നാം കാണണം. ഞാന്‍ ഇന്ത്യക്കാരനാണ് എന്ന് അഭിമാനിക്കുന്നതിനോടൊപ്പം ഞാന്‍ ജീവിക്കുന്ന ഇന്ത്യ എങ്ങനെയാവണം എന്നതും നാം തീരുമാനിക്കണം. ഇന്ത്യ കെട്ടിപ്പടുക്കേണ്ട സര്‍ഗ്ഗാന്മകമായ സമീപനം ഒരു മേഖലയിലും ദൃശ്യമല്ല. നമ്മുടെ മുന്‍തൂക്കങ്ങള്‍ ആണ് നമ്മുടെ ലക്ഷ്യത്തെ സഫലമാക്കുന്നത് എന്ന തത്വമാണ് ഓര്‍മ്മിക്കപ്പെടേണ്ടത്. ആ ഓര്‍മ ഏറ്റവുമധികം ഉണ്ടായിരിക്കേണ്ടത് വീണ്ടും സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കാനൊരുങ്ങുന്ന മോദി സര്‍ക്കാരിന് തന്നെയായിരിക്കണം.
Post Your Comments