ന്യൂഡല്‍ഹി : അരുണ്‍ ജയ്റ്റ്ലിയോട് ഒരേഒരു അഭ്യര്‍ത്ഥനയുമായി നരേന്ദ്ര മോദി . ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്റ്റ്‌ലിയെ കാണും.
മന്ത്രിസഭയില്‍ അംഗമാകണമെന്ന് അഭ്യര്‍ഥിക്കുന്നതിനായാണ് നരേന്ദ്രമോദി അരുണ്‍ ജയ്റ്റ്ലിയെ കാണുന്നത്. ജയ്റ്റ്‌ലി വകുപ്പില്ലാമന്ത്രിയാകണമെന്നാണ് മോദിയുടെ ആവശ്യം. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്‍മാറിയത്.
മന്ത്രിസഭയിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്നും വകുപ്പില്ലാമന്ത്രിയെന്ന നിലയിലും ഉള്‍പ്പെടുത്തേണ്ടതില്ലെന്നും മോദിയെ ജയ്റ്റ്ലി അറിയിച്ചിരുന്നു. അനാരോഗ്യം കാരണം വിജയാഘോഷങ്ങള്‍ക്ക് ജയ്റ്റ്ലി എത്തിയിരുന്നില്ല. നിലവിലെ സര്‍ക്കാരിന്റെ അവസാന കാബിനറ്റ് യോഗത്തിലും പങ്കെടുത്തില്ല.
ജയ്റ്റ്‌ലിയെ ഈയാഴ്ച ആദ്യം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികില്‍സയ്ക്കായി യുഎസിലേക്കോ ബ്രിട്ടനിലേക്കോ ഉടന്‍ പോകാനാണ് ഡോക്ടര്‍മാരുടെ ഉപദേശം. കഴിഞ്ഞ വര്‍ഷം മേയില്‍ വൃക്ക ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. പിന്നീട് ജനുവരിയില്‍ യുഎസില്‍ ടിഷ്യു കാന്‍സര്‍ ചികില്‍സയ്ക്കായി പോയി. ജയ്റ്റ്‌ലി ചികിത്സയിലായിരുന്നപ്പോള്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയലായിരുന്നു ചുമതല വഹിച്ചിരുന്നത്.
Post Your Comments