
ദുബായ്: ഈദ് അവധി പ്രമാണിച്ച് ദുബൈ വിമാനത്താവളം വഴി ഈ ആഴ്ച യാത്ര ചെയ്യുന്നത് ലക്ഷക്കണക്കിന് യാത്രക്കാർ. ദുബായിൽ ജോലി ചെയ്യുന്നവർ പെരുന്നാൾ ആഘോഷങ്ങൾക്കായി കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതാണ് ഈ വൻപിച്ച തിരക്കനുഭവപ്പെടാൻ കാരണം.
മെയ് 31 വെള്ളിയാഴ്ച മാത്രമായി എയർപോർട്ടിന്റെ മൂന്നാം ടെർമിനൽ വഴി 80000 യാത്രക്കാരാണ് ദുബായ് വിട്ട് പറക്കുക. ഇത്ര വലിയ തിരക്ക് അനുഭവപ്പെടാനിരിക്കെ യാത്രക്കാരോട് വിമാനം പുറപ്പെടുന്നതിന്റെ 3 മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിൽ എത്തിച്ചേരണമെന്നാണ് വിമാനത്താവള അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. എന്തെങ്കിലും തരത്തിലുള്ള യാത്രാ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ പരിഹരിക്കാൻ വേണ്ടിയാണിത്.
വിമാനങ്ങളുടെ യാത്രാസമയം സംബന്ധിച്ച് മാറ്റങ്ങൾ വരികയാണെങ്കിൽ യാത്രക്കാർക്കു ഓൺലൈനായി പരിശോധിക്കാവുന്ന സംവീധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വരെ ഇതേ തിരക്ക് അനുഭവപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. ജൂൺ 3 ആകുമ്പോളെക്കും 309000 യാത്രക്കാർ ഈ പെരുന്നാൾ സീസണിൽ ദുബൈ വിമാന താവളം വഴി കടന്നു പോകുമെന്നാണ് കരുതുന്നത്.
Post Your Comments