തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനം നടത്താൻ വിദഗ്ധ സമിതിയുടെ മേല്‍നോട്ടം വേണ്ടെന്ന് സർക്കാർ വ്യക്തമാക്കി. മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു നിയമനത്തോടെ വിവാദമായ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് വ്യാഴാഴ്ച അഭിമുഖം നടക്കും.
മന്ത്രി ഇ പി ജയരാജന്‍റെ ബന്ധു നിയമനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു പൊതു മേഖലസ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങള്‍ക്ക് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരമുള്ള വിദഗ്ധര്‍ ഉള്‍പ്ടുന്ന അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്. ഇവരുടെ കൂടി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്.
22 അപേക്ഷകരുടെ പട്ടികയില്‍ നിന്ന് ഒന്‍പത് പേരെയാണ് ഇക്കുറി അഭിമുഖത്തിന് ക്ഷണിച്ചിരിക്കുന്നത്. തുടക്കത്തില്‍ കൊല്‍ക്കത്ത ഐഐഎമ്മിലെ അധ്യാപകന്‍ ഡോ. സുശീല്‍ ഖന്ന ചെയര്‍മാനായ സമിതിയുടെ തലപ്പത്ത് ഇപ്പോഴുള്ളത് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ കെ ദിനേശനാണ്. എന്നാല്‍ ഇക്കഴിഞ്ഞ മുപ്പതിനിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ വിദഗ്ധ സമിതിയെ ഒഴിവാക്കിയിരിക്കുകയാണ്.
Post Your Comments