എരുമേലി: ബൈക്കിലെ പെട്രോൾ പാതിരാത്രി തീർന്നപ്പോൾ അടുത്തു കണ്ട ടൂവീലർ വർക് ഷോപ്പിനു മുന്നിലിരുന്ന ബൈക്കിൽ നിന്നു പെട്രോൾ ഊറ്റിയ ചെറുപ്പക്കാർ പിറ്റേന്നു രാത്രി ആരും കാണാതെ ഒരു കുപ്പി പെട്രോൾ അവിടെത്തന്നെ കൊണ്ടുവന്നു വച്ചു. ഒപ്പം കടയുടമയ്ക്കു ക്ഷമാപണക്കുറിപ്പും! എരുമേലി– റാന്നി റോഡിലെ ടൂവീലർ വർക്‌ഷോപ്പിനു മുന്നിലാണു സംഭവം. രാവിലെ കട തുറന്നപ്പോൾ ഉടമ നെഗിയുടെ കണ്ണിൽ ഒരു കുപ്പി പെട്രോളും ഒപ്പം കുറിപ്പും കണ്ടതോടെയാണു സംഭവത്തിന്റെ ചുരുളഴിയുന്നത്.
മുണ്ടക്കയത്തു നിന്നു റാന്നിക്കു പോകുകയായിരുന്ന യുവാക്കളാണു രാത്രി ഇന്ധനം തീർന്നു വഴിയിൽ പെട്ടത്. ഇതിനിടെ നെഗിയുടെ വർക് ഷോപ്പിനു മുൻപിൽ ഇരിക്കുന്ന ബൈക്കിൽ നിന്നു പെട്രോൾ ഊറ്റിയെടുക്കാൻ തീരുമാനിച്ചു. പിറ്റേന്നു രാത്രി കട അടച്ചു കഴിഞ്ഞപ്പോൾ യുവാക്കൾ നെഗിയുടെ വർക് ഷോപ്പിനു മുന്നിൽ ഒരു കുപ്പി പെട്രോളും ക്ഷമാപണക്കുറിപ്പും വച്ച ശേഷം മടങ്ങുകയായിരുന്നു. നീല പൾസറിൽ നിന്നാണു പെട്രോൾ ഊറ്റിയതെന്നു കത്തിൽ നിന്നു മനസ്സിലായതോടെ നെഗി കത്തു വായിച്ചശേഷം ഇന്ധനം അതിനുള്ളിൽ നിറച്ചു.
Post Your Comments