നവി മുംബൈ: കുറച്ച് ദിവസമായി മലയാളികള്‍ക്ക് സുപരിചിതമായ പേരായി മറിയിരിക്കുകയാണ് ചുഞ്ചു നായര്‍. സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു ജാതിപ്പേരുള്ള ഈ പൂച്ച. വളര്‍ത്തുപൂച്ചയുടെ ചരമ വാര്‍ഷിക ദിനത്തില്‍ ഉടമകള്‍ പത്രപ്പരസ്യം നല്‍കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വളരെയധികം ട്രോളുകള്‍ പിറന്നിരുന്നു. ഈ ട്രോളുകളെല്ലാം വളരെയേറെ വിഷമത്തിലാക്കിയിരിക്കുകയാണ് ചുഞ്ചുവിന്റെ ഉടമകളായിരുന്ന മലയാളി കുടുംബത്തെ.
പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തിലാണ് നവി മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബം പരസ്യം നല്‍കിയത്. പരസ്യം പ്രസിദ്ധീകരിച്ച അതേ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുടുംബം വിശദീകരണം നല്‍കിയത്. എന്നാല്‍ കുടുംബത്തെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പത്രം പുറത്തുവിട്ടിട്ടില്ല.
വളരെയേറെ ട്രോള്‍ ചെയ്യപ്പെട്ടതിന് പിന്നാലെ ചുഞ്ചുവിന് ജാതിപ്പേര് നല്‍കിയതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കുടുംബം. ‘അവള്‍ ഞങ്ങളുടെ റാണിയായിരുന്നു. മകളായിരുന്നു. കുടുംബത്തില്‍ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു. ഞങ്ങള്‍ക്ക് അവള്‍ ഞങ്ങളുടെ ഇളയ മകളെ പോലെയാണ്. അതിനാലാണ് വംശനാമം നല്‍കിയതും. വരുന്ന ട്രോളുകളില്‍ ചിലത് സഹിക്കാവുന്നതിലും അപ്പുറമാണെന്നനും കുടുംബം പറയുന്നു.
ഏതാണ്ട് 18 വര്‍ഷത്തോളം ചുഞ്ചു വീട്ടിലുണ്ടായിരുന്നു. വാര്‍ദ്ധക്യ കാലത്തായിരുന്നു മരണം. നവി മുംബൈയില്‍ വീട്ടിലെ പൂന്തോട്ടത്തിലായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പൂച്ചയെ വീട്ടമ്മ കണ്ടെത്തിയത്. പൂച്ചയ്ക്ക് സുന്ദരി എന്ന് പേരിട്ടു പിന്നീടത് ചുരുങ്ങിയാണ് ചിഞ്ചുവായത്. പ്രായമായതോടെ ചുഞ്ചുവിന്റെ വൃക്കകള്‍ക്കും പല്ലിനും തകരാറുണ്ടായി.
ചുഞ്ചുവിന്റെ അവസാന നാളുകളില്‍ അയല്‍ക്കാര്‍ പോലും കണ്ണീരോടെയാണ് അവളെ കാണാനെത്തിയത്. രോഗം മാറ്റാന്‍ പലവഴിയും തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ മരിച്ചെന്നും വീട്ടമ്മ പറഞ്ഞു. ഇത്രയും നാളുകള്‍ സാധാരണ പൂച്ചകള്‍ ജീവിച്ചിരിക്കാറില്ല. വളരെയേറെ സ്‌നേഹിക്കപ്പെട്ട ചുറ്റുപാടിലായതിനാലാണ് പൂച്ച ഇത്രകാലം ജീവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത് എന്നും കുടുംബം വെളിപ്പെടുത്തുന്നു.
Post Your Comments