ആലപ്പുഴ: മസ്തിഷ്‌ക മരണനിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ നീക്കാനും അവയവദാനം പ്രോത്സാഹിപ്പിക്കാനും പുതിയ പദ്ധതി. ഇതിന്റെ ഭാഗമായി മസ്തിഷ്‌കമരണനിര്‍ണയം നിര്‍ബന്ധമാക്കുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മസ്തിഷ്‌ക മരണങ്ങള്‍ നിര്‍ണയിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം. മസ്തിഷ്‌കമരണം നിര്‍ണയിക്കാനും അവയവദാനത്തിന് ബന്ധുക്കളുടെ സമ്മതംനേടാനും എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് മാനേജ്‌മെന്റ് സംവിധാനവും(ടി.പി.എം.) നടപ്പാക്കും. ആരോഗ്യവകുപ്പിന്റെ ഉന്നത സമിതി ശുപാര്‍ശ പ്രകാരമാണിത്.ഇന്ത്യയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സംവിധാനം ഒരുക്കുന്നത്.
ന്യൂറോളജി, അനസ്‌തേഷ്യ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍ക്കായിരിക്കും ഇതിന്റെ ചുമതല. മസ്തിഷ്‌കമരണം നിര്‍ണയിക്കാനുള്ള പരിശോധന ഒരുതവണ നടത്തി മരണം നിര്‍ണയിക്കുകയാണെങ്കില്‍ അവയവദാനത്തിനായി ബന്ധുക്കളുടെ സമ്മതം തേടണം. ബന്ധുക്കള്‍ക്ക് ഇതിന് സമ്മതമല്ലെങ്കില്‍ വെന്റിലേറ്ററടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളും ചികിത്സയും പിന്‍വലിക്കാനാനും ശുപാര്‍ശയുണ്ട്. മസ്തിഷ്‌കമരണ നിര്‍ണയം വൈകുന്നതുമൂലം ഐ.സി.യു, വെന്റിലേറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ മറ്റ് രോഗികള്‍ക്ക് ലഭിക്കാതെ വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.
മസ്തിഷ്‌കമരണനിര്‍ണയം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്ക് വിദഗ്ധപരിശീലനം നല്‍കും. അവയവദാനം ഏറ്റവുമധികം നടക്കുന്ന സ്‌പെയിനിലെ ഡൊണേഷന്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഡി.ടി.െഎ.)നിന്നുള്ള വിദഗ്ധ സംഘത്തിന്റെയും കേരള നെറ്റ്വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്ങിന്റെയും (കെ.എന്‍.ഒ.എസ്.) നേതൃത്വത്തില്‍ ചൊവ്വാഴ്ച മുതലാണ് ഡോക്്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. 2171 പേരാണ് സംസ്ഥാനത്ത് മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നത്. 1473 പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വൃക്കയ്ക്കു വേണ്ടിയാണ്. കരള്‍-358, ഹൃദയം-34, പാന്‍ക്രിയാസ്-മൂന്ന്, മറ്റു അവയവങ്ങള്‍ക്കായി 33 പേരുമാണ് കാത്തിരിക്കുന്നത്.
Post Your Comments