ന്യൂഡൽഹി : ബംഗാളിൽ തൃണമൂൽ സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. മൂന്ന് എം.എൽ.എമാരും അൻപതോളം കൗൺസിലർമാരും ഡൽഹിയിൽ നടന്ന ചടങ്ങിൽ വച്ച് ബിജെപിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാരും ഒരു സിപിഎം എം.എൽ.എയുമാണ് ബിജെപിയിൽ ചേർന്നത്. സിപിഎം എം.എൽ.എയായ ദേവേന്ദ്രറോയ് ആണ് ബിജെപിയിൽ ചേർന്നത്. ബിജെപിയിൽ ചേരുന്ന രണ്ടാമത്തെ സിപിഎം എം.എൽ.എയാണ് ദേവേന്ദ്ര റോയ്.
കൂടാതെ അൻപതോളം കൗൺസിലർമാരും ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയവർഗീയയുടെ സാന്നിദ്ധ്യത്തിലാണ് ഇവർ ബിജെപിയിൽ ചേർന്നത്.തൃണമൂൽ എം.എൽ.എമാരായ ശുഭ്രാംശു റോയ് , തുഷാർകാന്തി ഭട്ടാചാര്യ എന്നിവരാണ് ഡൽഹിയിലെത്തി അംഗത്വമെടുത്തത്.മുൻ കേന്രമന്ത്രിയും നിലവിൽ ബിജെപി നേതാവുമായ മുകുൾറോയുടെ മകനാണ് ശുഭ്രാംശു. ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തെ തുടർന്ന് ശുഭ്രാംശുവിനെ തൃണമൂലിൽ നിന്ന് പുറത്താക്കിയിരുന്നു.ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല മുന്നേറ്റം നടത്തിയതോടെയാണ് തൃണമൂൽ കോൺഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമായത്.
നിരവധി പേർ പാർട്ടി വിടുമെന്നും ബിജെപിയിൽ ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്.ബിജെപി വൻ മുന്നേറ്റം നടത്തിയത് സിപിഎമ്മിനും അനുഗ്രഹമായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്ത പാർട്ടി ഓഫീസുകൾ തിരിച്ചു പിടിക്കുകയാണ് സിപിഎമ്മെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പല ബൂത്തുകളിലും ബിജെപിയുടെ ഏജന്റായി സിപിഎം അംഗങ്ങൾ പ്രവർത്തിച്ചെന്നും വാർത്തകളുണ്ടായിരുന്നു. നേരത്തെ തൊഴിലാളി യൂണിയൻ നേതാവായിരുന്ന ഖഗേൻ മുർമുവും സിപിഎം വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഖഗേൻ മുർമു ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ വിജയിക്കുകയും ചെയ്തു.
Post Your Comments