ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ നടത്തിയ രാജി സന്നദ്ധത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച ഇത് സംബന്ധിച്ചു തീരുമാനം രാഹുല്‍ എടുത്തതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്യുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കു കൂട്ടായാണെന്നും പത്തു ദിവസത്തിനുള്ളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാഹുല്‍ രാജിസന്നദ്ധതയറിയിച്ചത്. പ്രവര്‍ത്തകസമിതി അംഗങ്ങള്‍ ഒന്നടങ്കം രാജി തീരുമാനത്തെ എതിര്‍ത്തിരുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ തന്നെ പരാജയത്തിന്റെ പരിഹാര നടപടികളും തിരുത്തലുകളും മതിയെന്നായിരുന്നു പ്രവര്‍ത്തകസമിതിയുടെ തീരുമാനം.
അതേസമയം അധ്യക്ഷ പദവി രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ സഹോദരി പ്രിയങ്ക ഗാന്ധി പിന്തുണച്ചതായും നേതൃത്വത്തിലേക്ക് മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്കു സമയം നല്‍കണമെന്നു പ്രിയങ്ക രാഹുലിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
Post Your Comments