ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി രാഹുലിനെ പിന്തുണച്ചതായി വിവരം. രാഹുല്‍ ആവര്‍ത്തിച്ച് രാജി ആവശ്യപ്പെട്ടിരുന്നെങ്കിലം ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മന്‍മോഹന്‍ സിംഗ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിനെ തള്ളിയിരുന്നു. അതേസമയം രാഹുലിന്റെ രാജി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് അല്‍പംകൂടി സമയം കൊടുക്കണം എന്ന അഭിപ്രായമാണ് പ്രിയങ്കയ്ക്ക്.കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.റ്റി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രാഹുലിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നുമുള്ള നിലപാടാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രവര്‍ത്തക സമിതി യോഗത്തില്‍ സ്വീകരിച്ചതെന്നാണ് വിവരം. രാഹുല്‍ രാജി നിലപാടില്‍ ഉറച്ച് നിന്നതോടെ മറ്റാര് പകരക്കാരനാകും എന്നതായിരുന്നു പ്രവര്‍ത്തക സമിതി അംഗങ്ങളുടെ ആശങ്ക. ചിലര്‍ പ്രിയങ്കയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ തന്റെ സഹോദരിയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ പ്രസിഡന്റ് ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
Post Your Comments