കൊല്ലം: മരണം എപ്പോഴും മനുഷ്യനൊപ്പം നിഴല്‍പോലെ കൂടെയുണ്ടാകും. ചിലപ്പോള്‍ സന്തോഷത്തിന്റെ നിമിഷങ്ങളില്‍ ഒരു വില്ലനായി ജീവിതത്തിലേക്ക് കടന്നുവന്നുവെന്നും വരാം. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കണ്ണീരണിയിക്കുന്നത്. ഇന്നലെ മരിച്ച കൊല്ലം പുത്തന്‍തുറ സ്വദേശിയും കരമന സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐയുമായ വിഷ്ണുപ്രസാദിന്റെ അന്ത്യനിമിഷങ്ങളാണ് ഈ വിഡിയോയില്‍ ഉള്ളത്. മകളുടെ വിവാഹത്തലേന്ന് നടത്തിയ ഗാനമേളയ്ക്ക് പാട്ടുപാടുന്നതിനിടെയായിരുന്നു അദ്ദേഹം മരണപ്പെട്ടത്.
ഇന്നായിരുന്നു ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ രാത്രി സംഘടിപ്പിച്ച ഗാനമേളയില്‍ പാട്ടുപാടിക്കൊണ്ടിരിക്കവേയാണ് വിഷ്ണു പ്രസാദ് കുഴഞ്ഞ് വീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. ചവറ പരിമഠം ക്ഷേത്രത്തില്‍വച്ച് വിവാഹം നടത്താനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നതെങ്കിലും മരണത്തെത്തുടര്‍ന്ന് വിവാഹം ആഡിറ്റോറിയത്തിലേക്ക് മാറ്റി. വിഷ്ണു പ്രസാദിന് അഡീഷണല്‍ എസ്.ഐ ആയിട്ട് പ്രമോഷന്‍ ലഭിച്ചിട്ട് രണ്ട് മാസം ആകുമ്പോഴാണ് മരണം സംഭവിക്കുന്നത്. മൃതദേഹം മോച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നല്ലൊരു ഗായകന്‍ കൂടിയായിരുന്നു വിഷ്ണു പ്രസാദ്. മകളുടെ വിവാഹത്തലേന്ന് സന്തോഷത്തോടെ പാട്ടുപാടുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണു നനയിപ്പിക്കുകയാണ്.
Post Your Comments