Latest NewsKerala

സ്‌കൂട്ടറില്‍ അഞ്ചു പേരുമായി എത്തി; ആദ്യം കൈകൂപ്പിയ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിന്നീട് ചെയ്തത്

ഫോര്‍ട്ട്കൊച്ചി: സ്‌കൂട്ടറില്‍ അഞ്ചു പേരെ കണ്ട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൈകൂപ്പി പോയി. രണ്ടു പേര് ഇരിക്കേണ്ട വാഹനത്തിലാണ് അഞ്ചു പേര്‍. പോരാത്തതിന് ഹെല്‍മറ്റുമില്ല. ഫോര്‍ട്ട്കൊച്ചിയിലെ വെളി ഗ്രൗണ്ടില്‍ പതിവ് വാഹന പരിശോധനയിലായിരുന്നു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ വിനോദ് കുമാറും സംഘവും. നാല് കുട്ടികളുമായി ഹെല്‍മറ്റ് വക്കാതെ സ്‌കൂട്ടര്‍ ഓടിച്ച് വരികയായിരുന്നു മധ്യ വയസ്‌കന്‍. ഈ കാഴ്ച കണ്ട വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ വിനോദ്കുമാര്‍ ആദ്യമൊന്ന് കൈകൂപ്പി, പിന്നീട് പിഴ ചുമത്തുകയായിരുന്നു. മെയ് 22 ബുധനാഴ്ചയായിരുന്നു സംഭവം. എം.വി.ഐയുടെ ഈ കൈകൂപ്പല്‍ അടുത്ത് ഉണ്ടായിരുന്നവര്‍ ക്യാമറയില്‍ പകര്‍ത്തി. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പരിശോധനയില്‍ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. 2100 രൂപ മോട്ടോര്‍ വാഹന വകുപ്പ് ഫൈന്‍ ഈടാക്കി. വാഹനത്തിന് ഇന്‍ഷുറന്‍സ് അടയ്ക്കാതിരുന്നതിന് 1000 രൂപ, കുട്ടികളെ കുത്തി നിറച്ച് വാഹനം ഓടിച്ചതിന് 1000 രൂപ, ഹെല്‍മറ്റ് വെയ്ക്കാത്തതിന് 100 രൂപ എന്നിങ്ങനെയാണ് ഫൈന്‍. വാഹന സുരക്ഷ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന രീതിയില്‍ ആ ഫോട്ടോ പ്രചരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ വിനോദ് കുമാര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button